Friday 19 January 2018 12:17 PM IST : By സ്വന്തം ലേഖകൻ

നായികയാകാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്...! ദുരനുഭവം പങ്കുവച്ച് ശ്രുതി ഹരിഹരന്‍

sruthi

ഹോളിവുഡില്‍ നിന്നാണ് സിനിമ മേഖലിയില്‍ നേരിടുന്ന ലൈംഗിക ചൂഷണം തുറന്നു പറഞ്ഞു കാസ്റ്റിങ് കൗച്ചിനെതിരെയുള്ള പ്രചരണം ആരംഭിച്ചത്.  മീ ടൂ ക്യാമ്പെയിനില്‍ പിന്നീട് കൂടുതല്‍ പേര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പറഞ്ഞ് രംഗത്തു വരാന്‍ തുടങ്ങിയതോടെ  സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നിഷ്ക്രിയമായ വിവേചനങ്ങള്‍ പലതും വാര്‍ത്തകളില്‍ നിറഞ്ഞു. തെന്നിന്ത്യന്‍ താരങ്ങളും തങ്ങളുടെ അനുഭവങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തിയ തെന്നിന്ത്യന്‍ താരം ശ്രുതി ഹരിഹരന്‍ നടത്തിയ തുറന്നു പറച്ചിലാണ് ചര്‍ച്ചയാകുകയാണ്.  

ഇന്ത്യ ടുഡെ കോണ്‍ക്ലേവ് സൗത്ത് 2018 ല്‍ പങ്കെടുത്ത് ശ്രുതി തനിക്കു നേരിട്ട അനുഭവങ്ങള്‍ പറയുന്നതിങ്ങനെ:

കാസ്റ്റിംഗ് കൗച്ചിനു നിര്‍ബന്ധിക്കപ്പെട്ട ദുരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്, എന്റെ ആദ്യ കന്നഡ സിനിമയ്ക്കിടയില്‍. അന്നെനിക്ക് പ്രായം 18 വയസ്. എന്നെ ഏറെ ഭയപ്പെടുത്തിയ, ഇപ്പോള്‍ ഓര്‍ക്കുമ്പോഴും കരയിപ്പിക്കുന്ന അനുഭവം. ഞാനതെക്കുറിച്ച് എന്റെ ഡാന്‍സ് കോറിയോഗ്രാഫറോട് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചു പറഞ്ഞത് നിനക്കിത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയില്ലെങ്കില്‍ നീ ഇവിടുന്ന് പോയ്‌ക്കോളാനാണ്. ഞാന്‍ ആ സിനിമ ചെയ്തില്ല.

അതിന് മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ പ്രമുഖനായ ഒരു കന്നഡ നിര്‍മ്മാതാവ് എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു, നായികയാക്കാം പക്ഷെ ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഞാനിത് ഇപ്പോഴും ഓര്‍ക്കുന്നു, ഞാന്‍ അയാള്‍ക്ക് കൊടുത്ത മറുപടി, ഞാന്‍ ചെരിപ്പ് ഇട്ടോണ്ടാണ് നടക്കുന്നത് എന്റെ അടുത്ത് വന്നാല്‍ ഞാന്‍ അത് വെച്ച് അടിക്കുമെന്നാണ്.

ഈ സംഭവത്തിന് ശേഷം കന്നഡ ഇന്‍ഡസ്ട്രിയില്‍ ഈ കഥ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ഇതിന് ശേഷം എനിക്ക് കന്നഡയില്‍നിന്ന് നിരവധി ഓഫറുകള്‍ വന്നു പക്ഷെ ഒരിക്കല്‍ പോലും ദുരനുഭവം പിന്നീട് നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ, തമിഴ് സിനിമയിലെ സ്ഥിതി അതായിരുന്നില്ല. ഒരു നിര്‍മ്മാതാവുമായി സമാനമായ രീതിയില്‍ വഴക്കിടേണ്ടി വന്നു. അതിന് ശേഷം ഇതുവരെ തമിഴില്‍നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല’
– ശ്രുതി വെളിപ്പെടുത്തി.

അവസരം ലഭിക്കുന്നതിനു നടിമാര്‍ ചൂഷണത്തിന് ഇരയാകുന്ന രീതി ഇന്നും നിലവിലുണ്ടെന്നും പുതുമുഖ താരങ്ങളാണ് ഇതിനു പ്രധാനമായും ഇരയാകുന്നതുമെന്നുമാണ് ശ്രുതി പറയുന്നത്.നടിമാരേ തിരഞ്ഞെടുക്കേണ്ടത് അഭിനയമികവു പരിഗണിച്ചു കൊണ്ടാകണം. അല്ലാതെ മറ്റു തീരികള്‍ കൊണ്ടായിരിക്കരുത് എന്നു ശ്രുതി പറയുന്നു.
 

sruthi2