Friday 12 January 2018 04:45 PM IST : By സ്വന്തം ലേഖകൻ

സീരിയല്‍താരമെന്ന ആ വേര്‍തിരിവ് ഇപ്പോഴും ഉണ്ട്; തമിഴ്നാട് സര്‍ക്കാരിന്റെ ‘മികച്ച സഹനടി’ ഷെല്ലി പറയുന്നു

shelly

മലയാള സിനിമയ്ക്ക് ഇന്നും സീരിയല്‍ താരങ്ങള്‍ രണ്ടാം നിരക്കാരാണെന്ന അഭിപ്രായവുമായി സിനിമാ സീരിയല്‍ താരം ഷെല്ലി. തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയിട്ടും തന്റെ അവസ്ഥ  അവഗണന ഏറ്റുവാങ്ങുന്ന സീരിയല്‍താരത്തെ പോലെ എന്നു വ്യക്തമാക്കിയാണ് ഷെല്ലി രംഗത്തെത്തിയിരിക്കുന്നത്. അസാനമായി അഭിനയിച്ച ഈട എന്ന ചിത്രത്തിന്റെ വിജയം ആഘോഷിച്ചുള്ള അഭിമുഖത്തിലായിരുന്നു ഷെല്ലിയുടെ വെളിപ്പെടുത്തല്‍.  

റാം സംവിധാനം ചെയ്ത തങ്കമീന്‍ഗള്‍ എന്ന ചിത്രത്തിലെ വടിവ് എന്ന കഥാപാത്രത്തിനായിരുന്നു ഷെല്ലിക്ക് സംസ്ഥാന പുരസ്‌കാരം. 2013 ല്‍ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് തങ്കമീന്‍ഗള്‍. ഇതരഭാഷയില്‍ അംഗീകരിക്കപ്പെട്ടപ്പോഴും മലയാളത്തില്‍ ഇതുവരെ ലഭിച്ചത് 7 ചിത്രങ്ങള്‍ മാത്രം. ഷെല്ലി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്  സീരിയലിലൂടെയാണ്. അതുകൊണ്ട് ഈ അഭിനേത്രി മലയാളത്തിന് ഇപ്പോഴും ‘സീരിയല്‍ ആര്‍ട്ടിസ്റ്റ്’ മാത്രമാണ്. പക്ഷെ ഈട ആ മുന്‍ധാരണകള്‍ മാറ്റും.
 
ഷെല്ലിയുടെ വാക്കുകള്‍:

സീരിയല്‍ താരമെന്ന ലേബല്‍ ആണ് മലയാളത്തില്‍ അവസരം നഷ്ടപ്പെടുത്തുന്നത്. ഇപ്പോഴും ആ വേര്‍തിരിവ് ഉണ്ട്. എന്തിനാണെന്ന് മനസിലാകുന്നില്ല. സീരിയല്‍ താരങ്ങളെ മൂന്നാംകിട ആയിട്ടാണ് കാണുന്നത്. അതിപ്പോള്‍ പ്രൊഡക്ഷന്‍ ബോയ് മുതലുളളവരുടെ കാര്യമാണ്. മലയാളത്തില്‍ ഒരു ചിത്രത്തില്‍ (ചിത്രത്തിന്റെ പേര് പറയുന്നില്ല) അഭിനയിക്കണമെങ്കില്‍ സീരിയല്‍ നിര്‍ത്തണമെന്ന് പറഞ്ഞു. പിന്നെ എനിക്ക്, എന്നെ പി ആര്‍ ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ അറിയില്ല. അതുകൊണ്ട് ഒരു പക്ഷെ ഞാന്‍ ഇവിടെയുണ്ടെന്ന് മലയാള സിനിമയില്‍ ആര്‍ക്കും അറിയില്ലായിരിക്കും.