Wednesday 09 January 2019 11:39 AM IST : By സ്വന്തം ലേഖകൻ

‘അടിവാര’മെന്ന സിനിമയോടെ ജീവിതത്തിന്റെ അടിത്തറയിളകിയ നിർമ്മാതാവ്; ഇന്ന് ജീവിക്കുന്നത് ദോശമാവ് കുഴച്ച്!!

nandhakumar-producer11

സീരിയൽ താരം തട്ടുകടയില്‍ ദോശ ചുടുന്നതിന്റെ വാർത്ത മാധ്യമങ്ങളിൽ നിറയുമ്പോൾ മമ്മൂട്ടിയടക്കമുള്ള സൂപ്പർതാര സിനിമകളുടെ നിർമാതാവ് ജീവിക്കാനായി ദോശമാവ് വിൽക്കുന്നതിന്റെ കഥകളും പുറത്തു വരുന്നു. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നും ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ കന്നിചിത്രവുമായ ‘തനിയാവര്‍ത്തനം’ അടക്കം നിർമിച്ച നന്ദകുമാറാണ് സ്വത്തുക്കൾ നഷ്ടമായതിനെ തുടർന്ന് ദോശമാവ് കച്ചവടവുമായി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നത്.

സിബി മലയില്‍ ഒരുക്കിയ തനിയാവർത്തനം തീയറ്ററിൽ നൂറു ദിവസം നിറഞ്ഞോടിയതാണ്. അതിനുശേഷം മുദ്ര, സൂര്യമാനസം, അടിവാരം. ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. പക്ഷേ ആറാമത്തേത് വേണ്ടായിരുന്നു എന്ന് ഇന്നദ്ദേഹം തുറന്നു പറയുന്നു. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ നിര്‍മ്മാണവും വിതരണവും ഒറ്റയ്ക്ക് നടത്തുകയാണ് നന്ദകുമാര്‍, ദോശമാവിന്റേതാണെന്നു മാത്രം.  

2007 ല്‍ നിര്‍മിച്ച അടിവാരമെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. സിനിമ തരക്കേടില്ലാതെ ഓടിയതുമാണ്. എന്നാൽ നിർമാതാവിന് അതു ഗുണകരമായില്ല. പണം ഒരുപാട് നഷ്ടപ്പെട്ടു. ഇതോടെയാണ് കലാഭവൻ മണിയെ നായകനാക്കി കരീബിയൻസ് നിർമിച്ചത്. ഇതോടെ തകർച്ച പൂ‍ർണമായി. അങ്ങനെ ജീവിക്കാനായി ദോശമാവ് കച്ചവടത്തിലേക്ക് തിരിഞ്ഞു. ദേവി ഫുഡ് പ്രൊഡക്ട്‌സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം നിര്‍മിക്കുമ്പോള്‍ നന്ദകുമാറിന് പ്രായം 26 ആയിരുന്നു. മൂന്നുപതിറ്റാണ്ടുകഴി‍ഞ്ഞെങ്കിലും മറ്റൊരു തനിയാവര്‍ത്തനം സ്വപ്നം കണ്ടാണ് ദോശമാവും പേറിയുള്ള ഈ യാത്ര. വിഡിയോ കാണാം;