Wednesday 19 December 2018 04:35 PM IST : By സ്വന്തം ലേഖകൻ

കട്ടപ്പയ്ക്കൊരു മകളുണ്ട്, അവളോടു പോലും ആ രഹസ്യം മറച്ചു വച്ചു!

sathyaraj

നായകനായും വില്ലനായുമെല്ലാം നാനൂറോളം ചിത്രങ്ങളാണ് സത്യരാജ് അഭിനയിച്ചിട്ടുള്ളത്. മലയാളം അടക്കമുള്ള എല്ലാ തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ ബാഹുബലി കഴിഞ്ഞതോടെ അദ്ദേഹത്തിന് സ്വന്തം പേരു പോലും നഷ്ടമായിരിക്കുകയാണ്. എവിടെ ചെന്നാലും കട്ടപ്പ എന്ന വിളിയാണ് കേൾക്കാനുള്ളത്. സത്യരാജിന് രണ്ടു മക്കളാണുള്ളത്. മകൻ സിബി രാജ് നടനാണ്. മകനെ കൂടാതെ ഒരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്, പേര് ദിവ്യ സത്യരാജ്. ചെന്നൈയിലെ പ്രശസ്തയായ ന്യൂട്രീഷനിസ്റ്റാണ്. അച്ഛനും മകളും ഇടപെടുന്നതു കണ്ടാൽ എല്ലാവരും ചിന്തിക്കും, ഇവർ സുഹൃത്തുക്കളാണെന്ന്. അത്രയ്ക്ക് സൗഹൃദമാണ് ഇരുവർക്കു ഇടയിലുള്ളത്.

ദിവ്യക്ക് പത്തു വയസുള്ളപ്പോൾ മുതൽ അച്ഛൻ അവളുൾപ്പെടെ വീട്ടിൽ എല്ലാവരുമായി സ്ക്രിപ്ട് ചർച്ച ചെയ്തതിനു ശേഷം മാത്രമേ ഏതെങ്കിലും സിനിമയ്ക്ക് കരാർ ഒപ്പിട്ടിരുന്നുള്ളൂ. ബാഹുബലിയുടെ കഥ കേട്ടപ്പോൾ അച്ഛൻ അതു സ്വീകരിക്കുമോ എന്നു ദിവ്യക്ക് സംശയമായിരുന്നു. കാരണം ചിത്രീകരണവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അത്രയും നാൾ വിട്ടു നിൽക്കാൻ അച്ഛൻ തയാറാകുമോ എന്നാണ് ദിവ്യ ഓർത്തത്. എന്നാൽ സത്യരാജ് റോൾ സ്വീകരിക്കുകയും ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ആദ്യ ഭാഗം പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് ശരിക്കും ട്വിസ്റ്റ് ഉണ്ടായത്.

ഇത്രയും നാൾ അഭിനയിക്കുന്ന സിനിമകളുടെ കഥ ഭാര്യയോടും മക്കളോടും പങ്കുവച്ച സത്യരാജ് പക്ഷേ കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നു മാത്രം വെളിപ്പെടുത്തിയില്ല. ആരും അദ്ദേഹത്തോട് അതു ചോദിക്കാനും മുതിർന്നില്ല. എങ്കിലും അച്ഛന്റെ മുന്നിൽ വച്ച് സിബിയും ദിവ്യയും ഊഹാപോഹങ്ങൾ പങ്കുവയ്ക്കുമ്പോഴും ഒന്നും പറയാതെ പലപ്പോഴും ഒരു കള്ളച്ചിരിയിൽ എല്ലാം ഒളിപ്പിക്കുകയായിരുന്നു സത്യരാജ്.