Thursday 17 January 2019 04:54 PM IST : By സ്വന്തം ലേഖകൻ

മുംബൈയിലെ തിരക്കേറിയ റോഡിൽ ആരാധികയ്‌ക്കൊപ്പം സെൽഫി; ‌നടൻ വരുൺ ധവാന് പിഴ

varun-selfie-moment.jpg.image.784.410

ഒരു സെൽഫി വരുത്തിവച്ച വിന! മുംബൈയിലെ തിരക്കേറിയ ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിൽ പെട്ടു കിടക്കുകയായിരുന്നു ബോളിവുഡ് നടൻ വരുൺ ധവാൻ. അദ്ദേഹത്തിന്റെ കാറിന്റെ തൊട്ടടുത്തു കിടന്ന ഓട്ടോറിക്ഷയിലുണ്ടായ ആരാധിക സെൽഫി ആവശ്യപ്പെട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.

ആരാധികയുടെ ഫോൺ കൈയിൽ വാങ്ങി വരുൺ സെൽഫിയെടുത്തു. ഈ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന ഒരു ന്യൂസ് ഫൊട്ടോഗ്രഫർ പകർത്തുകയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. തല കാറിനു പുറത്തിട്ട നടൻ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്നു ചിത്രത്തിൽ വ്യക്തമാണ്. എന്നാൽ, ഇക്കാര്യം മുംബൈ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

‘ഇത്തരം സാഹസം വെള്ളിത്തിരയിൽ ഫലിച്ചേക്കും; റോഡുകളിൽ വേണ്ട. യുവാക്കളുടെ ആരാധനാപാത്രമായ താങ്കളിൽനിന്നു കൂടുതൽ മെച്ചപ്പെട്ട പെരുമാറ്റം പ്രതീക്ഷിക്കുന്നു. പിഴ ചുമത്തിയുള്ള ഇ-ചലാൻ പിന്നാലെ വരുന്നുണ്ട്. എന്നാൽ അടുത്ത പ്രാവശ്യം ശിക്ഷ കടുപ്പമായിരിക്കും’– തുടർന്നു വന്ന മുംബൈ പൊലീസിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു.

ഇതിനു പിന്നാലെ ധവാൻ ക്ഷമ ചോദിച്ചു ട്വീറ്റ് ചെയ്തു. സെൽഫിയെടുക്കുമ്പോൾ വാഹനങ്ങൾ നിശ്ചലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇനി ഇങ്ങനെ ചെയ്യില്ലെന്നും ധവാൻ ഉറപ്പുനൽകി. ധവാന് അഭിനന്ദനം അറിയിച്ചു മുംബൈ പൊലീസ് മറുപടി നൽകി.

കൂടുതൽ വായനയ്ക്ക്