Tuesday 15 January 2019 12:45 PM IST : By സ്വന്തം ലേഖകൻ

വിദ്യ ബാലന്റെ വണ്ണത്തെ പരിഹസിച്ച് മാധ്യമ പ്രവര്‍ത്തകന്‍; താരം നൽകിയ കിടിലന്‍ മറുപടി ഇതാണ്!

vidhya-balan-fat

സിനിമയിൽ മുൻകാലങ്ങളിൽ തടിച്ച സുന്ദരികൾക്കായിരുന്നു പ്രാധാന്യം എങ്കിൽ ഇന്നത് സീറോ സൈസ് സുന്ദരികളിൽ എത്തിനിൽക്കുന്നു. ബോളിവുഡിലാണ് ഈ പ്രവണത ഏറ്റവും കൂടുതൽ. തടിച്ച സുന്ദരികൾ ഫീൽഡ് ഔട്ട് ആകുന്നതിന്റെ കാരണവും ഇതുതന്നെ. അടുത്ത ദിവസം തടി കൂടിയതിന്റെ പേരിൽ പരസ്യമായി കളിയാക്കലുകൾ നേരിടേണ്ടിവന്നു നടി വിദ്യ ബാലന്. ഇത്തവണ ഒരു മാധ്യമ പ്രവര്‍ത്തകനാണ് വിദ്യയെ പരസ്യമായി വണ്ണത്തിന്റെ പേരില്‍ കളിയാക്കിയത്. ആദ്യ ഒന്ന് ഞെട്ടിയെങ്കിലും, പിന്നീട് കൃത്യമായ മറുപടി തന്നെ താരം നല്‍കി.

’തുമാരി സുലു’ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഒരു മാധ്യമ പ്രവര്‍ത്തകൻ വിദ്യയുടെ തടിയെ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.  വിദ്യ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളോ അതോ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ആദ്യം അന്ന് പതറിയെങ്കിലും പിന്നാലെ വന്നു വിദ്യയുടെ കിടിലൻ മറുപടി.

"ചെയ്യുന്ന ജോലിയില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധം? നിങ്ങളെ പോലുള്ളവരുടെ മാനസിക അവസ്ഥ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു.." ഇതായിരുന്നു വിദ്യ നല്‍കിയ മറുപടി. ഇതിന് മുന്‍പും ഇത്തരം സന്ദർഭങ്ങൾ വിദ്യയ്‌ക്ക് ഉണ്ടായിട്ടുണ്ട്. അന്നെല്ലാം, നിങ്ങള്‍ എന്റെ ശരീരഭാരത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട, അത് കൈകാര്യം ചെയ്യാന്‍ തനിക്ക് അറിയാമെന്ന് വിദ്യ മറുപടി നൽകുമായിരുന്നു.