Friday 19 January 2018 10:25 AM IST : By സ്വന്തം ലേഖകൻ

ആമിയായി മഞ്ജു എത്തി; പ്രണയവും ജീവിതവും പറഞ്ഞ് ആദ്യ ട്രെയിലര്‍

aami_trailer

 കാത്തിരിപ്പിന് വിരാമമിട്ട് കമല്‍ ചിത്രം ആമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാധവിക്കുട്ടിയുടെ ബാല്യ കൗമാരങ്ങളും പ്രണയവും ജീവിതവും നിറയുന്ന ചിത്രത്തില്‍ കമലയായി മഞ്ജു പകര്‍ന്നാടുകയാണ്. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവ ദാസ് ആയി എത്തുന്നത് മുരളി ഗോപിയാണ്. താരനിര്‍ണയത്തില്‍ ആമിയാകാന്‍ ബോളിവുഡ് താരം വിദ്യ ബാലനെ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് മഞ്ജു വാരിയരിലേക്ക് സംവിധായകന്‍ എത്തുകയായിരുന്നു. ഏറെ വിവാദങ്ങളും ചര്‍ച്ചകള്‍ക്കുമൊടുവിൽ ആമിയുടെ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അത് കൊണ്ട് തന്നെ വിമര്‍ശകരും ഏറെ കാത്തിരുന്ന  ട്രെയിലർ മികച്ച രീതിയിലാണ്  അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസും അനൂപ് മേനോനുമാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.