Tuesday 09 April 2019 02:30 PM IST

‘അപകടം സാരമില്ല, എല്ലാം ശരിയാകും’തോളത്തു തട്ടി ജിഷ്ണു പറഞ്ഞു; സിദ്ധാർത്ഥ് ഭരതൻ മനസുതുറക്കുന്നു

Unni Balachandran

Sub Editor

sidharth_bharathan

‘നിദ്ര’ തന്ന ഭീകരമായ അനുഭവത്തിന് ശേഷം ഞാൻ ചെന്നൈയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ എന്ന പോലെ കഴിയുകയായിരുന്നു. അപ്പോൾ ജിഷ്ണു ബിസിനസ് പരിപാടികളുമായി ചെന്നൈയിലുണ്ട്. അവൻ എല്ലാ ദിവസവും കാണാൻ വരും, ഞങ്ങൾ ഒരുമിച്ചു കൂടും. ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വന്ന് ഒന്നു രണ്ട് മാസം കഴിഞ്ഞപ്പോൾ കാൻസറാണെന്നും പറഞ്ഞുള്ള ജിഷ്ണുവിന്റെ വാട്സ് ആപ്പ് മെസേജ്. അവൻ സ്ഥിരം ഇത്തരം തമാശകൾ ഇറക്കാറുള്ളതുകൊണ്ട് ഞാനത് വിശ്വസിച്ചില്ല. പക്ഷേ, അവൻ സീരിയസായപ്പോൾ കാര്യം മനസ്സിലായി. അതോടെ മനസ്സ് വല്ലാതെ ഉലഞ്ഞു പോയി. ഒരു അടിക്ക് പുറകേ അടുത്തത് എന്ന പോലെ തകർന്നു.

അപ്പോഴും വാട്സ്ആപ്പിൽ പൊട്ട തമാശകൾ അയച്ച് അവനുമായി എല്ലാ ദിവസവും സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ ‘ചന്ദ്രേട്ടൻ’ റെഡിയായി. ജിഷ്ണുവിനെ അതിൽ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. പിന്നെ ഒരിക്കൽ അവൻ മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വാർത്ത ഇറങ്ങി. പ്രതികരിക്കാൻ താൽപര്യമില്ലാത്തതു കൊണ്ട് മിണ്ടാതെയിരുന്നു. അപ്പോഴാണ് എന്‍റെ ആക്സിഡന്റ്.

എല്ലാം ഭേദമായി വീട്ടിലെത്തിയപ്പോൾ അവനെന്നെ വീട്ടിൽ വന്നുകണ്ടു. ‘അപകടം സാരമില്ല, എല്ലാം ശരിയാകു’മെന്നൊക്കെ തോളത്തു തട്ടി അവന്‍ പറഞ്ഞപ്പോള്‍ അതിനേക്കാളും വലിയ ബൂസ്റ്റ് വേറെവിടെ നിന്നും കിട്ടേണ്ട കാര്യമില്ലായിരുന്നു. അവൻ തിരിച്ചു വരുമെന്ന് പറഞ്ഞു, നമ്മൾ ഒരുമിച്ച് അടുത്ത പടം ചെയ്യുമെന്ന് ഞാൻ മറുപടിയും കൊടുത്തു. പക്ഷേ, ഇത്ര പെട്ടെന്ന് അവന്‍ പോകുമെന്നു കരുതിയില്ല. ഒരു വെള്ളിയാഴ്ചയാണ് അവൻ മരിച്ചത്.  

വീഴ്ചകൾക്കു മുന്നില്‍ തെല്ലും പതറാതെ സിദ്ധാർഥ് തിരിച്ചു വരികയാണ്. അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം