Monday 06 May 2019 02:50 PM IST : By റോബിൻ ടി.വർഗീസ്

‘പറവ’യിലെ ഹസീബും ഇച്ചാപ്പിയും.. ഡിക്യു പറഞ്ഞു, പൊളിച്ചു മക്കളേ!!

dq-parava445

ഗോവിന്ദും അമൽഷായും – ‘പറവ’യിലെ ഹസീബും ഇച്ചാപ്പിയും. ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ് ഇരുവരും. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’യിലൂടെ ഓർക്കാപ്പുറത്തു താരങ്ങളായി മാറിയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് ഈ കുട്ടികൾ.

സൈക്കിളിൽ സിനിമയിൽ

ഗോവിന്ദ് സൈക്കിളിൽനിന്നു വീണും അമൽ ഷാ സൈക്കിൾ ഒറ്റച്ചക്രത്തിൽ ഉയർത്തിയുമാണു സിനിമയിലെത്തിയത്. മട്ടാഞ്ചേരി ‍ടിഡി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദ്. അമ്മ ചിത്രാ ജി. കമ്മത്ത് ചെറളായിയിൽ ചായക്കട നടത്തുന്നു. ഇവിടെ ഇടയ്ക്കൊക്കെ ചായക്കുടിക്കാൻ സൗബിൻ വരാറുണ്ട്.

സൗബിൻ‍ ആദ്യമായി ഗോവിന്ദിനെ കാണുന്നതു സൈക്കിൾ മറിഞ്ഞു വഴിയിൽ വീണ നിലയിലാണ്. അമൽഷായെ കണ്ടെത്തിയതും റോഡിലൂടെ സൈക്കിളിൽ അഭ്യാസം കാണിച്ചു പായുന്നതാണ്. സിനിമയിൽ അഭിനയിച്ചു കിട്ടിയ പണം സഹോദരി നീതുവിന്റെ വിവാഹത്തിനു നൽകിയെന്നു ഗോവിന്ദ് അഭിമാനത്തോടെ പറയുന്നു.

ഒരു സഹോദരനുണ്ട് – നരേന്ദ്ര്. അമൽഷാ ഫോർട്ട്കൊച്ചി അക്വിനാസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലസ് ടു വിദ്യാർഥിയാണ്. വീട്ടിൽ ഉമ്മ അഫ്സലയും സഹോദരി സാറയും. പറവയിൽ ഇച്ചാപ്പിയുടെ ഇത്താത്തയായി വേഷമിട്ടതും സാറ തന്നെ.

അഭിനയം, പറഞ്ഞപോലെ

അഭിനയം എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചാൽ സൗബിക്ക പറഞ്ഞതൊക്കെ ചെയ്തുവെന്നാണ് ഇരുവരുടെയും മറുപടി. ‘മുൻപു ഞങ്ങളും പ്രാവ് വളർത്തിയിരുന്നു. അതുകൊണ്ടു പ്രാവിനെ പറത്തുന്നതൊക്കെ ഞങ്ങൾക്കറിയാമായിരുന്നു. സെറ്റിൽ കുരുത്തക്കേടു കാണിച്ചാൽ സൗബിക്ക നല്ല വഴക്കു പറയും. ചീത്ത പറഞ്ഞെങ്കിലും പത്മ തിയറ്ററിൽ സിനിമ കണ്ടുകഴിഞ്ഞ് ഏറ്റവും കൂടുതൽ അഭിനന്ദിച്ചതും സൗബിക്ക തന്നെ. കൂട്ടുകാരൊക്കെ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞു’.

സിനിമ സമ്മാനിച്ച മറ്റൊരു ഭാഗ്യം തങ്ങളുടെ ആരാധനാപാത്രമായ ദുൽഖറിനെ നേരിൽ കാണാൻ പറ്റിയതാണെന്ന് ഇച്ചാപ്പിയും ഹസീബും ഒരേ ശ്വാസത്തിൽ പറയുന്നു. ‘പൊളിച്ചെടാ മക്കളേ’ എന്ന ഡിക്യുവിന്റെ വാക്കുകൾ നിധി കിട്ടിയ സന്തോഷമാണ് ഇവർക്കു സമ്മാനിച്ചത്.

കൂടുതൽ വായനയ്ക്ക്