Thursday 14 February 2019 03:12 PM IST : By സ്വന്തം ലേഖകൻ

പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി, കടുത്ത നിയമം ആവശ്യപ്പെട്ട് തെരുവിലേക്ക്

actress-tvm ചിത്രം: മനോജ് ചേമഞ്ചേരി

നടിക്കു നേരെയുണ്ടായ അതിക്രമം ഉയർത്തി തലസ്ഥാനത്തെ സിനിമാപ്രവർത്തകർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാനവീയം വീഥയിൽ നടന്ന പ്രതിഷേധത്തിൽ പ്രമുഖ സിനിമാ പ്രവർത്തകർക്കൊപ്പം രാഷ്ട്രീയനേതാക്കളും ഒന്നിച്ചു. നടിയെ ആക്രമിച്ച നികൃഷ്ട ജന്മത്തിനു ജാമ്യം നൽകിയാൽ സിനിമാപ്രവർത്തകർ കാസർകോട് മുതൽ പാറശാല വരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.

തൊട്ടടുത്ത സംസ്ഥാനം ജെല്ലിക്കെട്ട് വിഷയത്തിൽ ഒരുമിച്ചുനിന്നു പോരാടി ആവശ്യം നേടിയെടുത്തതുപോലെ സ്ത്രീയുടെ പ്രശ്നത്തിനായി ഒന്നിച്ചുനിന്നു പോരാടണം. സ്ത്രീകളെ ആക്രമിക്കുന്നവർക്കെതിരെയുള്ള നിയമത്തിൽ ഭേദഗതി വരുത്തണം. സ്ത്രീകളെ തൊട്ടാൽ പുറത്തു പറയില്ലെന്ന ധൈര്യത്തിലാണ് ഇവർ ഇതിന് ഇറങ്ങി തിരിക്കുന്നത്. വടക്കാഞ്ചേരി വിഷയം ഉൾപ്പെടെ അനവധി അമ്മമാരും സ്ത്രീകളുമാണ് ദിനവും ഇത്തരം പ്രശ്നങ്ങളുമായി തന്നെ കാണാൻ എത്തുന്നത്.

അർധരാത്രിയിൽ സ്ത്രീയെ ആക്രമിച്ചതിനുശേഷം ജാമ്യംനേടാൻ ശ്രമിക്കുന്നവരെ ജീവിക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു. വി.എസ്. ശിവകുമാർ എംഎൽഎ, സംവിധായകൻ ഷാജി കൈലാസ്, ടി.കെ. രാജീവ് കുമാർ, എം.ജി. ശ്രീകുമാർ, നിർമാതാക്കളായ ഷാജിനടേശൻ, എം. ര‍ഞ്ജിത്, ജി. സുരേഷ് കുമാർ, നടൻ കൃഷ്ണകുമാർ, കീരീടം ഉണ്ണി, കല്ലിയൂർ ശശി തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ വാർത്തകൾ അറിയാം