Friday 21 June 2019 04:24 PM IST : By സ്വന്തം ലേഖകൻ

പ്രഖ്യാപനത്തിൽ 'അവൾക്കൊപ്പം'; ചലച്ചിത്രമേളയിൽ ദേശീയ പുരസ്കാരം നേടിയ നടി സുരഭിക്ക് അവഗണന!

surabhi-lakshmi-film-festival1

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയ്‌ക്ക് മികച്ച നടിക്കുളള​ ദേശീയ പുരസ്കാരം നേടിക്കൊടുത്തത് നടി സുരഭി ലക്ഷ്മിയാണ്. ‘മിന്നാമിനുങ്ങ്’ ​എന്ന സിനിമയിലെ അഭിനയത്തിനാണ് സുരഭി അവാർഡ് കരസ്ഥമാക്കിയത്. എന്നാൽ സംസ്ഥാന ചലച്ചിത്രവേദിയിൽ നിന്നും സുരഭിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോൾ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ 'മിന്നാമിനുങ്ങ്' പ്രദർശിപ്പിക്കുന്നില്ല എന്നു മാത്രമല്ല, മേളയുടെ ഒരു പരിപാടിയിലും സുരഭി പ്രത്യേക ക്ഷണിതാവുമല്ല.

അതേസമയം വർഷങ്ങൾക്കു മുമ്പ് ദേശീയ പുരസ്കാരം നേടിയ നടൻ പ്രകാശ് രാജിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന അവാർഡ് നേടിയ നടിയ്‌ക്കും പ്രത്യേക ക്ഷണമുണ്ട്.. ‘അവൾക്കൊപ്പം’ എന്ന് പ്രഖ്യാപിച്ചാണ് ചലച്ചിത്രമേള തുടങ്ങിയത്. എന്നാൽ ആ വാക്കുകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നാണ് ചലച്ചിത്ര അക്കാദമിയുടെ ഇത്തരം പ്രവൃത്തികൾ സൂചിപ്പിക്കുന്നത്.   

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരു പാസ് തരണം എന്നാവശ്യപ്പെട്ടു കൊണ്ട് സുരഭി രംഗത്തുവന്നു. സംഭവത്തെക്കുറിച്ച് സുരഭി പറയുന്നതിങ്ങനെ;   

"ജോലി കുറവായ ഒരു സമയമാണ്. സിനിമ കാണാമല്ലോ എന്ന് കരുതി ഓണ്‍ലൈന്‍ ആയി പാസിന് ശ്രമിച്ചു, പരാജയപ്പെട്ടു. പിന്നെ മണിയന്‍പിള്ള രാജു ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍, നീ ദേശീയ അവാര്‍ഡ്‌ കിട്ടിയ ഒരു നടിയല്ലേ, കമലിനെ വിളിച്ചുപറയൂ ഒരു പാസ്‌ തരാന്‍ എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാന്‍ കമൽ സാറിനെ വിളിച്ചു. സാർ ഉടനെ തന്നെ അത് ഏര്‍പ്പാടാക്കാം എന്നും, അക്കാദമിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ടു വിളിക്കും എന്നും പറഞ്ഞു. പക്ഷെ ഇതുവരെ എന്നെ ആരും വിളിച്ചില്ല."
സുരഭി പറയുന്നു.

2003 ൽ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയിലൂടെ മീരാ ജാസ്മിനാണ് ദേശീയ നടിക്കുളള പുരസ്കാരം കേരളത്തിലേക്ക് കൊണ്ടുവന്നത്. അതിനുശേഷം സുരഭിയിലൂടെ ആയിരുന്നു ഒരു മലയാളി നടി അംഗീകരിക്കപ്പെട്ടത്.