Friday 12 April 2019 05:24 PM IST : By നിമിഷ സജയൻ

’ഒരിക്കൽ ദിലീപായി സ്റ്റേജിലെത്തിയത് ഞാനായിരുന്നു’; ഓർമ്മകൾ പങ്കുവച്ച് നിമിഷ സജയൻ

mumbai-nimishaa-sajan.jpg.image.784.410

മുംൈബയിൽ എൻജിനീയറായ സജയൻ നായരുടെയും ബിന്ദുവിന്റെയും മകളായ നിമിഷ സിനിമയിലേക്കുള്ള വഴിയെക്കുറിച്ചും ഒാണം ഒാർമകളെക്കുറിച്ചും മനസ്സു തുറക്കുന്നു...

"ആഘോഷകരമായിരുന്നു എന്റെ കുട്ടിക്കാലം. ഒരിക്കലും പുസ്തകപ്പുഴു അല്ലായിരുന്നു. കൂട്ടുകാർക്കൊപ്പം കളിച്ചുതിമിർത്തു നടന്ന അക്കാലത്ത് സ്കൂളിലും കോളജിലുമൊന്നും ഒരവസരവും പാഴാക്കിയിട്ടില്ല. കലാപരിപാടിയാണെങ്കിലും കായികയിനമാണെങ്കിലും വേദി കിട്ടിയാൽ ചാടിക്കയറും. അതെല്ലാം ഏറെ ആസ്വദിച്ചാണു വളർന്നത്. ആയോധനകലയായ തയ്ക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റ് എടുത്തതൊക്കെ ഇൗ ശീലത്തിന്റെ തുടർച്ചയിൽ എപ്പോഴോ സംഭവിച്ചതാണ്.

ബദ്‌ലാപുർ കാർമൽ കോൺവന്റ് സ്കൂളിലായിരുന്നു പഠിച്ചത്. നാടകം, ഡാൻസ്, പ്രസംഗം, പ്രോഗ്രാം ആങ്കറിങ് എന്നിങ്ങനെ പാട്ട് ഒഴികെ എല്ലാമേഖലയിലും സജീവമായിരുന്നു. തയ്ക്വാൻഡോയിൽ മഹാരാഷ്ട്രാ സംസ്ഥാനതല മൽസരങ്ങളിലേക്കു സിലക്‌ഷൻ കിട്ടിയപ്പോൾ ഞാൻ കായികമേഖലയിലേക്കു വഴിമാറുകയാണോയെന്നു വീട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം തോന്നിയിരുന്നു. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ മൽസരിക്കാൻ പോയപ്പോൾ അവർ അക്കാര്യം ഉറപ്പിച്ചു. എന്നാൽ, എന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു.

മാസ് കമ്യൂണിക്കേഷൻ ഡിഗ്രിക്ക് േചർന്ന സമയത്ത് ചെറിയ ഇടവേളയെടുത്തു കൊച്ചിയിൽ അഭിനയപഠന ക്ലാസിനു ചേർന്നത് അങ്ങനെയാണ്. അഭിനയരംഗത്ത് അവസരം കിട്ടുമോയെന്ന് ഒരുറപ്പും ഇല്ലാതെയുള്ള യാത്ര. മൂന്നുമാസം സമയം തരാം, അതിനുള്ളിൽ സിനിമകൾ കിട്ടിയില്ലെങ്കിൽ തിരികെ വരണമെന്നു പറഞ്ഞ് അമ്മ ബിന്ദു സമ്മതം മൂളിയത് എന്തുറപ്പിന്റെ അടിസ്ഥാനത്തിലാണെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. എന്റെ ആത്‌മവിശ്വാസത്തെ അച്ഛനും അമ്മയും വിശ്വാസത്തിലെടുത്തതു വലിയ ബലമായി.

അങ്ങനെയാണു സ്വന്തം നഗരമായ മുംബൈയോടും വീട്ടുകാരോടും കൂട്ടുകാരോടുമെല്ലാം യാത്രപറഞ്ഞു കൊച്ചിയിലേക്കു പുറപ്പെട്ടത്. ഹ്രസ്വകാല കോഴ്സിനിടെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു എന്ന മട്ടിലുള്ള പരസ്യങ്ങൾക്കെല്ലാം അപേക്ഷിക്കാൻ തുടങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്കു നായികയായുള്ള ക്ഷണം ഒട്ടും പ്രതീക്ഷിക്കാത്തതാണ്. നായികയാവുന്ന ആദ്യത്തെ സിനിമയിൽ ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രം. മുംബൈയിൽ ജനിച്ചുവളർന്ന എനിക്കതു വലിയ വെല്ലുവിളിയായി.

പറഞ്ഞുതരുന്ന കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാനുള്ള കഴിവും എന്തും ചെയ്യാൻ കഴിയുമെന്ന ആത്‌മവിശ്വാവും മാത്രമായിരുന്നു ബലം. ചിത്രത്തിലെ ആദ്യഗാനം യൂട്യൂബിൽ ഇറങ്ങിയതിനു പിന്നാലെ ശ്രീജ ആരാണെന്നു സിനിമാലോകത്തും പുറത്തുമുള്ള ആളുകൾ അന്വേഷിക്കാൻ തുടങ്ങി; എന്നിലെ നടിക്കു ലഭിച്ച ആദ്യ അംഗീകാരം. പുതുമുഖ നായിക – നിമിഷ സജയൻ എന്ന് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഏറ്റവും വലിയ സ്വപ്നമാണു പൂവണിഞ്ഞത്.

ചിത്രം വലിയ വിജയമായതോടെ കൂടുതൽ അവസരങ്ങൾ തേടിയെത്തുന്നു. വലിയ സ്വപ്നവും അതിനായുള്ള ചെറിയ പരിശ്രമവും ഇൗശ്വരാനുഗ്രവും... സിനിമയിൽ സജീവമായ ശേഷമുള്ള എന്റെ ആദ്യത്തെ ഓണമാണ് ഇത്തവണത്തേത്. നമ്മൾ മലയാളികൾ ഏറ്റവും സന്തോഷത്തോടെയും ഒരുമയോടെയും ആഘോഷിക്കുന്ന ഉൽസവം. വീട്ടിൽ പൂക്കളവും സദ്യയും ഒണാഘോഷങ്ങളുമെല്ലാം ആസ്വദിച്ചാണു ഞാൻ വളർന്നത്.

അംബർനാഥ് കേരള സമാജത്തിൽ ഓണാഘോഷത്തിനിടെ കലാപരിപാടിയൊക്കെ അവതരിപ്പിച്ചിട്ടുണ്ട് ഞാനും കൂട്ടുകാരും. അവിടെ ഒരിക്കൽ മീശമാധവൻ എന്ന സിനിമയിലെ ഡാൻസ് അവതരിപ്പിച്ചപ്പോൾ ദിലീപായി സ്റ്റേജിലെത്തിയതു ഞാനായിരുന്നു. ഓണവും ഞാനും തമ്മിൽ അത്രയേറെ ബന്ധമുണ്ട്. ഇത്തവണ മലയാള മനോരമ പൂക്കള മൽസരവേദിയിൽ എത്തുമ്പോൾ ഏറെ സന്തോഷമുണ്ട്. നടി എന്ന വിലാസത്തേക്കാളുപരി എന്റെ സ്വന്തം നഗരത്തിൽ നിങ്ങളിലൊരാളായി ഓണമാഘോഷിക്കാനെത്തുമ്പോൾ സന്തോഷം ഇരട്ടിയാണ്." നിമിഷ പറയുന്നു.

കൂടുതൽ വായനയ്ക്ക്