Saturday 04 May 2019 04:42 PM IST : By സ്വന്തം ലേഖകൻ

’നല്ല സിനിമകള്‍ ചെയ്യാന്‍ അഭിപ്രായ സ്വാതന്ത്ര്യം വേണം..’; ഷര്‍മിള ടാഗോര്‍ പറയുന്നു

Sharmila-Tagore

മികച്ച സിനിമകള്‍ ചെയ്യാന്‍ വേണ്ട സ്വാതന്ത്ര്യവും അനുകൂലമായ അന്തരീക്ഷവും സിനിമാ പ്രവർത്തകർക്ക് വേണമെന്ന് ബോളിവുഡ് മുൻകാല നടിയും സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണുമായ ഷര്‍മിള ടാഗോര്‍. 19ാമത് മുംബൈ ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ്  അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഷര്‍മിള ടാഗോര്‍. ആമിർ ഖാനാണ് ഷർമിള ടാഗോറിന് പുരസ്കാരം നൽകിയത്.

"ഓരോ തവണയും ബംഗാളി സിനിമയ്ക്കായി കൊല്‍ക്കത്തയില്‍ പോകുമ്പോള്‍ അവരെന്നോടു പറയും, ഇത് ബോംബെ സിനിമയല്ല. ദയവായി ഒന്നു നിര്‍ത്തി, ആലോചിച്ച് സംഭാഷണങ്ങള്‍ പറയുകയും അഭിനയിക്കുകയും ചെയ്യൂ എന്ന്. ഞാന്‍ ഇവിടെ സിനിമ ചെയ്യുമ്പോള്‍ ഇവിടെയുള്ളവര്‍ എന്നോട് പറയും ഇത് റായ് ചിത്രം അല്ല, ദയവായി അല്‍പ്പം വേഗത്തിലാക്കൂ എന്ന്.

അര്‍ത്ഥവത്തായ സിനിമകള്‍ ചെയ്യണമെങ്കില്‍ അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം വേണം. സിനിമകളില്‍ സ്ത്രീകള്‍ക്ക് അവരുടെ പ്രായഭേദമന്യേ നല്ല വേഷങ്ങള്‍ നല്‍കാന്‍ സിനിമാ മേഖലയിലുള്ളവര്‍ തയ്യാറാകണം." ഷര്‍മിള പറഞ്ഞു.