Thursday 27 June 2019 03:36 PM IST : By സ്വന്തം ലേഖകൻ

ഒടുവിൽ ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണം; പങ്കെടുക്കാനാകില്ലെന്ന് നടി സുരഭി

surabhi

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനാകില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി. ഫുജൈറയിൽ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഒഴിവാക്കുന്നതെന്നും സുരഭി വ്യക്തമാക്കി. അതിനു മുൻപ് ക്ഷണം കിട്ടിയിരുന്നെങ്കിൽ ഉറപ്പായും പരിപാടിക്ക് എത്തിയേനെയെന്നും സുരഭി പറഞ്ഞു.

ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച സുരഭി, ഇതുമായി ബന്ധപ്പെട്ട് താനാരോടും പരാതിയൊന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഈ നിമിഷം വരെ ഞാൻ ഏതെങ്കിലും പത്രക്കാരെ വിളിച്ചോ പത്രസമ്മേളനം നടത്തിയോ എന്നെ ഐഎഫ്എഫ്കെയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നോ പാസ് നിഷേധിച്ചെന്നോ പാസ് വീട്ടിൽ കൊണ്ടുവന്ന് തരണമെന്നോ എന്നെ ആദരിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് അത്തരത്തിലുള്ള പരാതിയോ പരിഭവങ്ങളോ ഒട്ടും ഉണ്ടായിരുന്നില്ല.

മേളയുടെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന സമയത്ത് ഒരു മാധ്യമ സുഹൃത്ത് വിളിച്ചിരുന്നു. സുരഭി ചലച്ചിത്ര മേളയ്ക്ക് വരുന്നുണ്ടോ എന്നു ചോദിച്ചു. അവസാന നിമിഷം വരെ ടിക്കറ്റിനായി ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ലെന്ന് അവരോട് പറഞ്ഞു. മാത്രമല്ല, ടിക്കറ്റ് കിട്ടുമോയെന്നറിയാൻ മണിയൻപിള്ള രാജുച്ചേട്ടനെ വിളിച്ചപ്പോൾ കമൽ സാറിനെ വിളിച്ചുനോക്കാൻ പറ‍ഞ്ഞു. അദ്ദേഹത്തെ വിളിച്ചപ്പോൾ പാസ് ലഭ്യമാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട വിഭാഗത്തിൽനിന്ന് വിളിക്കുമെന്നും മറുപടി നൽകി. പക്ഷേ, ആ വിളിയൊന്നും ഉണ്ടായില്ലെന്നത് സത്യമാണ്.

സംസ്ഥാന പുരസ്കാര ജേതാവായ രജീഷ വിജയനുൾപ്പെടെയുള്ളവർ വേദിയിലുണ്ടെന്നും സുരഭിയെ വേദിയിൽ കണ്ടില്ലല്ലോയെന്നും വിളിച്ച മാധ്യമ സുഹൃത്ത് ചോദിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ സദസിൽ പോയിരിക്കാൻ നമുക്ക് ആരുടെയും അനുവാദം വേണ്ട. പക്ഷേ ആ വേദിയിൽ പോയിരിക്കാൻ ക്ഷണം വേണമല്ലോ. ക്ഷണിച്ചില്ലേ എന്ന് അവർ എടുത്തുചോദിച്ചപ്പോൾ ഇല്ലെന്ന് ഞാൻ പറഞ്ഞു. അതാണ് സംഭവിച്ചതെന്നും സുരഭി വ്യക്തമാക്കി. എല്ലാ തവണവും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ പതിവാണെന്നും ഇത്തവണയത് തന്റെ പേരിലായി എന്നു മാത്രമേയുള്ളൂവെന്നും സുരഭി ചൂണ്ടിക്കാട്ടി.

കൂടുതൽ വായനയ്ക്ക്