Tuesday 19 March 2019 04:13 PM IST : By സുനിൽ വി

മലയാളികൾ ഗോദയിലെ നായികയെ നോക്കി പറയുന്നു, മേത്തെനു ബൊഹത്ത് പ്യാർ കർദിയാ..!

wamiq1

ഗോദ’യിൽ വാമിഖ ഗബ്ബി ഇടിച്ചിട്ടത് എതിരാളികളെ മാത്രമല്ല, മലയാളികളുടെ മനസു കൂടിയാണ്. അതുകൊണ്ടുതന്നെ തീയറ്ററുകളിൽ കയ്യടി ഏറ്റുവാങ്ങി ഗോദ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ഈ പഞ്ചാബി സുന്ദരി മലയാളികളുടെ പ്രിയതാരം കൂടിയായി. പഞ്ചാബി ഹൗസിലെ നായിക മോഹിനിയുടെ പൂച്ചക്കണ്ണുകളെ ഓർമിപ്പിക്കുന്ന കണ്ണുകൾ, വിടർന്ന ചിരി, പ്രണയം തുളുമ്പുന്ന കണ്ണുകൾ... വാമിഖ ഗബ്ബിയെ മലയാളികള്‍ ഇഷ്ടപ്പെടാൻ ഇനിയുമുണ്ട് കാരണങ്ങൾ.

’ഗോദ’യിൽ രൺജി പണിക്കരുടെ പ്രിയ ശിഷ്യയായി, ഗുസ്തിക്കാരിയായെത്തി കയ്യടി നേടിയ സുന്ദരി പെൺകുട്ടിയാണ് വാമിഖ ഗബ്ബി. അസ്സലൊരു കഥക് നർത്തകി കൂടിയാണ് വാമിഖ. സിനിമയ്‌ക്ക് വേണ്ടി ഗുസ്തി പഠിച്ചത് വെറും ആറു മാസം കൊണ്ട്. പരിശീലന സമയത്ത് പലതവണ പരുക്കേറ്റെങ്കിലും കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. ലക്ഷ്യം ഒന്നുമാത്രം, ഒരു മികച്ച സിനിമയുടെ ഭാഗമായി ആളുകൾ തന്നെ തിരിച്ചറിയണം.. കുട്ടിക്കാലത്ത് കണ്ട സ്വപ്നത്തിലേക്ക് ’ഇടിച്ചുകയറിയ’ വാമിഖ ഗബ്ബി വനിതാ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

ഗോദയിലെ ഗുസ്തിക്കാരിയെപ്പോലെ വ്യത്യസ്ത വേഷങ്ങളാണോ ലക്ഷ്യമിടുന്നത്?

സ്ക്രിപ്റ്റ് ആണ് എനിയ്‌ക്ക്‌ പ്രധാനം. നല്ല സ്‌ക്രിപ്റ്റ് ആണെങ്കിൽ അതൊരു നല്ല സിനിമയായിരിക്കും. മികച്ച സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും താൽപ്പര്യം. നായികാ വേഷം കിട്ടിയാലേ അഭിനയിക്കൂ എന്നൊന്നുമില്ല. ഏതു വേഷം വേണമെങ്കിലും ചെയ്യും. അഭിനയപ്രാധാന്യമുള്ള കഥാപാത്രമായാൽ മാത്രം മതി.

ഐ ലവ് കേരള എന്നുപറയാൻ തോന്നിയിട്ടുണ്ട് അല്ലെ?

സത്യം.. അതെങ്ങനെ മനസ്സിലായി? ഇവിടുത്തെ പച്ചപ്പും വെള്ളവും പ്രകൃതി ഭംഗിയും ആരെങ്കിലും ഇഷ്ടപ്പെടാതിരിക്കുമോ.. ഗോദാ ഷൂട്ടിന് മുൻപ് ഞാൻ മൂന്നാറിൽ പോയിരുന്നു. അതൊരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയായിരുന്നു. അവിടെ പോയതോടെ കേരളത്തിലെ എല്ലാ ടൂറിസ്റ്റ് സ്പോട്ടും കാണാൻ കൊതിയായി. അത്രയ്‌ക്ക് മനോഹരമായിരുന്നു അവിടം. തീർച്ചയായും ഐ റിയലി ലവ് കേരള.

wamiq2

ഗോദയിൽ മലയാളം സംസാരിച്ചില്ലേ? മലയാളത്തിൽ പഠിച്ച ഒരു വാക്ക് പറയാമോ?

ഒറ്റവാക്കാണ് മലയാളത്തിൽ പറയാനുണ്ടായിരുന്നത്, ’എല്ലാവർക്കും നമസ്കാരം..’ ഇതായിരുന്നു ഞാൻ സിനിമയിലും പറഞ്ഞത്. സിനിമയുടെ പ്രൊമോഷൻ വർക്കുമായി ബന്ധപ്പെട്ട് യാത്രകൾക്കിടയിൽ മറ്റൊരു വാക്ക് കൂടി പഠിച്ചു. അത് ഇതാണ്, ’എല്ലാവരും ഗോദ സിനിമ കാണണം.. ’ ഇപ്പോൾ മനസ്സിലായല്ലോ എന്റെ മലയാളം!!

ഷൂട്ടിങ് അനുഭവങ്ങൾ രസകരമായിരുന്നോ?

ഇതുവരെയുള്ള എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷനായിരുന്നു ഗോദയുടേത്. ഗോദാ ടീം മുഴവൻ യൂത്തായിരുന്നു. അതുകൊണ്ട് യുവത്വത്തിന്റെതായ ഒരു പ്രസരിപ്പ് എങ്ങും കാണാമായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഞാനായിരുന്നു. മറ്റുള്ളവർ മലയാളത്തിൽ എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോൾ ഞാനും വിട്ടുകൊടുക്കില്ലായിരുന്നു, പഞ്ചാബിയിൽ അടിച്ചു കസറുമായിരുന്നു.

സിനിമ സ്വപ്‌നമായിരുന്നോ?

ഒരു ആർട്ടിസ്റ്റ് ആകണമെന്ന് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു. ഡാഡി ചെറുപ്പത്തിൽ എന്റെ കണ്ണുകൾ നോക്കി പറയുമായിരുന്നു, വലുതാകുമ്പോൾ ഞാനൊരു കലാകാരിയാകുമെന്ന്. എന്റെ കണ്ണുകൾ ഗ്രീനിഷ് ബ്രൗൺ ആണ്. അന്നേ അദ്ദേഹം ചില കണക്കുകൂട്ടലുകൾ നടത്തിയെന്ന് പറയാമല്ലോ. എന്റെ ഡാഡി ഒരു എഴുത്തുകാരൻ കൂടിയാണ്. ഞാൻ സിനിമാമേഖലയിലേക്ക് വരുന്നതിൽ കൂടുതൽ താൽപ്പര്യം ഡാഡിക്കായിരുന്നു. പക്ഷെ നീ ഇങ്ങനെയാവണം, അങ്ങനെയാവണം എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. എന്തു ജോലി ചെയ്താലും അതിൽ പരിപൂർണ്ണ സംതൃപ്തിയും സന്തോഷവും ഉണ്ടാകണമെന്ന് പറയുമായിരുന്നു. ഞാൻ ഭാഗ്യവതിയാണ്. എന്റെ സ്വപ്നം പോലെത്തന്നെയാണ് എല്ലാം നടന്നത്.

ഇനിയും മലയാളത്തിൽ അഭിനയിക്കുമോ?

നല്ല വേഷങ്ങൾ ലഭിച്ചാൽ തീർച്ചയായും മലയാളത്തിൽ അഭിനയിക്കും. അടുത്തത് ഒരു തമിഴ് സിനിമയാണ്. ജൂണിൽ അതിന്റെ ഷൂട്ട് തുടങ്ങും. ചെന്നൈയും ഊട്ടിയുമാണ് ലൊക്കേഷനുകൾ. അതുകഴിഞ്ഞു ചെയ്യുന്നത് ഒരു പഞ്ചാബി സിനിമയാണ്.

wamiq3

മലയാള സിനിമകൾ ഇഷ്ടമാണോ?

മലയാളത്തിൽ എന്റെ അനുഭവം സൂപ്പറാണ്. ഇവിടെയുള്ളവർ നൽകിയ സ്നേഹത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല. ഗോദ സിനിമയുടെ ടീമിനോട് കടപ്പാടുണ്ട് എനിക്ക്. അവരിൽ നിന്ന് തുടക്കം മുതലേ നല്ല പിന്തുണ കിട്ടിയിരുന്നു. അതിനൊക്കെ എപ്പോഴും നന്ദിയുള്ളവൾ ആയിരിക്കും ഞാൻ. മലയാള സിനിമകളെ കുറിച്ച് മുൻപ് ഒരുപാട് കേട്ടിട്ടുണ്ട്. ഗപ്പി എന്ന സിനിമ ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ വേറെ ചില മലയാള ചിത്രങ്ങൾ കൂടി കണ്ടിട്ടുണ്ട്.

ഫിറ്റ്നസ് രഹസ്യങ്ങൾ?

ശരിയായ രീതിയിലുള്ള ഭക്ഷണക്രമമാണ് ഏറ്റവും പ്രധാനം. ഒപ്പം ഫിറ്റ്നസ്സിനുവേണ്ടി കായിക പരിശീലനം നടത്തുന്നതും നല്ലതാണ്. പക്ഷെ ഇതൊന്നും കൃത്യമായി ഞാൻ പാലിക്കാറില്ല. ഒരൽപം ഭക്ഷണപ്രിയയാണ്. ഇപ്പോൾ ഡയറ്റൊന്നുമില്ല. അടുത്ത സിനിമ തുടങ്ങുന്നതിനോടനുബന്ധിച്ചു മാത്രമേ ഡയറ്റ് തുടങ്ങൂ. അതിനിനിയും സമയമുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള സ്വപ്നം?

സ്വപ്നം കാണാറായോ എന്നറിയില്ല.. എനിക്ക് 24 വയസ്സാണിപ്പോൾ. അതുകൊണ്ടുതന്നെ ഇതിനെപ്പറ്റിയൊന്നും ഞാൻ ചിന്തിക്കാറില്ല. ഇനി പ്രേമം എന്ന ഗെയ്റ്റിലൂടെയാണ് ജീവിതത്തിലേക്കുള്ള കാൽവയ്‌പ്പെങ്കിൽ നോക്കാം എന്നാണ് പറയാനുള്ളത്. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ..

പ്രേമത്തെക്കുറിച്ച് നിർവചിക്കാമോ?

ബോയ്ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോകുന്നതും, അവനെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കുന്നതുമാണ് പ്രേമമെന്ന് കരുതുന്നില്ല. പ്രേമം ദിവ്യമാണ്. അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയുമൊക്ക നമ്മൾ സ്നേഹിക്കാറില്ലേ.. അതും പ്രേമമാണ്. ഇങ്ങനെ ചിന്തിച്ചാൽ എത്ര അനശ്വരവും സുന്ദരവുമാണ് പ്രണയമെന്ന് നമുക്ക് മനസ്സിലാകും.

ഐ ലവ് യു എന്നെ വിവാഹം കഴിയ്‌ക്കാമോ എന്ന് പഞ്ചാബിയിൽ ഒന്ന് പറയാമോ?

നല്ല ചോദ്യമാണ്.. എനിക്കിത് ഇഷ്ടപ്പെട്ടു.. ’മേത്തെനു ബൊഹത്ത് പ്യാർ കർദിയാ.. മേയനെ റയെക് രായെഗാ..’

പഞ്ചാബി എഴുത്തുകാരനായ ഗോവര്‍ധന്‍ ഗബ്ബിയുടെ മകളാണ് വാമിഖ. അമ്മ രാജ് കുമാരി വിദ്യാഭ്യാസ വിദഗ്ധയാണ്. സഹോദരൻ ഹർദ്ധിഖ്‌ ഗബ്ബി നടനും ഗായകനുമാണ്. പഞ്ചാബി സീരിയലിൽ ബാലതാരമായാണ്‌ വാമിഖ അഭിനയരംഗത്തേക്ക് എത്തുന്നത്. കഥക് നർത്തകി കൂടിയായ വാമിഖ ആമിർ ഖാൻ ജഡ്ജായ ഒരു റിയാലിറ്റി ഡാൻസ് ഷോയിൽ പങ്കെടുത്തു. അതിൽ ടോപ്പ് 5 കണ്ടസ്റ്റൻസിൽ ഒരാളായിരുന്നു. ഈ പരിപാടിയിലൂടെ വാമിഖ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് ’ജബ് വി മെറ്റ്’ എന്ന കരീന-ഷാഹിദ് ചിത്രത്തിൽ ഒരു ചെറിയ റോളിലൂടെ സിനിമാ രംഗത്തേക്ക് എത്തിപ്പെടുന്നത്. പിന്നീട് പഞ്ചാബി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ നിരവധി ഭാഷകളിൽ വാമിഖ തന്റെ അഭിനയമികവ് തെളിയിച്ചു.