Wednesday 20 March 2019 11:09 AM IST : By സ്വന്തം ലേഖകൻ

ബാഹുബലി കോപ്പിയടി, കണ്ട് പണം കളയുന്നത് വിഡ്ഢിത്തം; അടൂർ ഗോപാലകൃഷ്ണൻ

bahubali_adoor

കോടികൾ മുടക്കിയ ബാഹുബലിയിൽ എന്താണ് ഉള്ളതെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇത്തരം സിനിമ കാണാൻ താൻ പത്ത് രൂപ പോലും നശിപ്പിക്കില്ലെന്നും അഭിപ്രായം. ബാഹുബലി പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണെന്നും ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്നും അടൂര്‍ പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അടൂർ. മലയാളസിനിമയിലെ കോടികളുടെ ബജറ്റ്, കോടികളുടെ കളക്ഷന്‍ തുടങ്ങിയവയില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ.

എന്‍ടി രാമറാവു നായകനായി 1951ല്‍ പുറത്തിറങ്ങിയ തെലുങ്ക് ഫാന്റസി ചിത്രമാണ് 'പാതാളഭൈരവി'. അത് പോലുള്ള മറ്റൊരു ചിത്രത്തിനപ്പുറം മറ്റൊന്നും ബാഹുബലിക്കില്ല എന്നും അതിന് വേണ്ടി കോടികൾ ചിലവാക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും അടൂർ ചോദിച്ചു. പണത്തിന്റെ പകിട്ട് കാണിക്കുന്നതിനുള്ള മാര്‍ഗമാണ് ബജറ്റ് ഉയര്‍ത്തിക്കാണിക്കല്‍. 10 കോടി ഉണ്ടെങ്കില്‍ പത്തു സിനിമചെയ്യാം. നൂറു കോടി ഉണ്ടെങ്കില്‍ നൂറു സിനിമ ചെയ്യാം. കഴിവുള്ള സംവിധായകര്‍ക്ക് ബജറ്റ് കിട്ടാത്ത സാഹചര്യമാണുള്ളതെന്നും അടൂർ തുറന്നടിച്ചു. ബാഹുബലിയുടെ കലാസംവിധായകൻ സാബു സിറിൽ, ഗീതുമോഹൻദാസ്, കുഞ്ചാക്കോബോബൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

‘ വലിയ ബജറ്റ് പടം മാത്രമേ ചെ‌യ്യൂ എന്നു നിർബന്ധമില്ല. എനിക്ക് ഒരുചെറിയ പേപ്പറിലും വലിയ പേപ്പറിലും പടം വരയ്ക്കാൻ കഴിയും. രാജമൗലി ബാഹുബലിയുടെ കഥ ചർച്ച ചെയ്യാൻ വന്നപ്പോൾ ഞാൻ‍ പറഞ്ഞത് ഇതു വലിയ രീതിയിലും ചെറിയ രീതിയിലും ചെയ്യാം എന്നാണ്. രാജമൗലി ആ വലിയ വെള്ളച്ചാട്ടത്തെക്കുറിച്ചു എന്നോടു പറഞ്ഞു. ഞാൻ സമ്മതിച്ചു. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ എന്ന പഴമൊഴി ഇവിടെ ചേർന്നുപോകും. പണം പാഴാക്കരുത്.’ സാബു സിറിൽ പറഞ്ഞു.