Wednesday 13 February 2019 05:03 PM IST : By സ്വന്തം ലേഖകൻ

മകൾക്ക് നേരിട്ട ദുരനുഭവത്തിൽ കണ്ണീരണിഞ്ഞു ’അമ്മ’

amma1 കൊച്ചിയിൽ ‘അമ്മ’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽനിന്ന്. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ

പതിവു ചിരിബഹളങ്ങളില്ല, വർത്തമാനങ്ങളില്ല... എല്ലാവരുടെയും മുഖത്തുള്ളതു വേദന മാത്രം. തങ്ങളുടെ അടുത്ത കൂട്ടുകാരിക്ക് നേരിട്ട അനുഭവത്തിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും. തിരശീലയിൽ വേറിട്ട ഭാവങ്ങൾ മിന്നിമറയുന്ന ഇവരുടെ മുഖത്തെ സങ്കടവും രോഷവും ജനങ്ങൾ കണ്ടു. ഇടറിയ ശബ്ദത്തോടെ, നിറഞ്ഞ കണ്ണുകളോടെ ഇവർ മലയാളിയോട് വിളിച്ചു പറഞ്ഞതു നല്ല മനുഷ്യരാകാനാണ്. യുവനടിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിക്കാൻ ദർബാർ ഹാൾ മൈതാനിയിൽ നടന്ന കൂട്ടായ്മയിൽ മലയാള സിനിമാ ലോകത്തെ ഒട്ടേറെ പ്രമുഖരാണ് എത്തിയത്. പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം അണപൊട്ടുന്നതിനിടെ സംഭവദിവസം രാത്രി നടന്ന കാര്യങ്ങള്‍ ലാല്‍ വിവരിച്ചു. സംഭവം വിവരിക്കുമ്പോള്‍ ലാലിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

amma3

അന്ന് ഓടിക്കതച്ച് വീട്ടിലെത്തിയ അവള്‍ ആദ്യം തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നെന്ന് ലാല്‍ പറഞ്ഞു. ‘ലാലു ചേട്ടാ എന്നുവിളിച്ച് അവൾ കരയുകയായിരുന്നു. ലോകത്തുള്ള എല്ലാ സ്ത്രീകളും പൊട്ടിക്കരഞ്ഞാലും ആ ശബ്ദം ഉണ്ടാകില്ല. നമ്മുടെ അമ്മയ്ക്കോ മകൾക്കോ ഈ അവസ്ഥ വരുന്നതുവരെ കാത്തിരിക്കരുത്.–ലാൽ പറഞ്ഞു. സംഭവത്തിന് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ ഇതൊന്നും പുറത്തറിയരുതെന്നായിരുന്നു നടിയുടെ നിലപാടെന്ന് ലാല്‍ വിവരിച്ചു.

പിന്നീട് സംഭവമറിഞ്ഞ് പുലര്‍ച്ചെ തന്നെ നടിയുടെ പ്രതിശ്രുത വരനും വീട്ടുകാരും തന്റെ വീട്ടിലെത്തിയെന്ന് ലാല്‍ പറഞ്ഞു. അവരെല്ലാം നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ലാല്‍ വ്യക്തമാക്കി. കോടതിയില്‍ പോകാനും ഏത് വൃത്തികെട്ട ചോദ്യങ്ങളെയും നേരിടാനും തയ്യാറാണെന്നും അവള്‍ പറഞ്ഞിരുന്നു. ലാൽ പറയുന്നു. ഈ വിഷയം ഡി.ജി.പി. ലോക്നാഥ് ബെഹ്റയെ അറിയിച്ചപ്പോള്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട് മൂന്നുസംഭവങ്ങള്‍ ഉണ്ടായതായ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പുറത്തുവന്നത് നടിയുടെ ധൈര്യംകൊണ്ടാണെന്നും ലാല്‍ പറഞ്ഞു.

മലയാളത്തിലെ യുവനടിയെ ആക്രമിച്ച വാർത്ത കേട്ട് ഞെട്ടിപ്പോയെന്ന് ദിലീപ്. ‘എന്റെ കൂടെ ഏറ്റവും കൂടുതൽ സിനിമ ചെയ്ത കുട്ടിയാണ്. ഇത് സിനിമയിൽ സംഭവിച്ചു എന്നതിലപ്പുറം നമ്മുടെ നാട്ടിൽ സംഭവിച്ചു എന്നതാണ് വിഷമിപ്പിക്കുന്ന വാസ്തവം.’ ദിലീപ് പറയുന്നു. കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് നല്ല രീതിയിൽ തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നും ചലച്ചിത്ര കൂട്ടായ്മയുടെ പിന്തുണ നടിക്കുണ്ടെന്നും ദിലീപ് പറഞ്ഞു.

കേരളത്തിന്റെ അഭിമാനമായ സഹോദരിയുടെ സഹോദരൻമാരും സഹോദരിമാരുമാണ് ഇവിടെ കൂടിയിരിക്കുന്നത്. ആ സഹോദരി പ്രതിരോധത്തിന്റെ പ്രതീകമാണ്. പൗരുഷം സ്ത്രീയെ കീഴ്പ്പെടുത്തുന്നതല്ല, സംരക്ഷിക്കുന്നവനാണ് പുരുഷൻ. ഞങ്ങളുടെ സഹോദരിക്ക് പറ്റിയ ഈ ദുരന്തത്തിൽ അവരുടെ ദുഃഖത്തിനൊപ്പം പ്രയാസത്തിനൊപ്പം ഞങ്ങൾ പങ്കുചേരുകയാണ്. വാക്ക് നൽകുന്നു ഒറ്റയ്ക്കല്ല നിന്നെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. സർക്കാരും പൊലീസും ഉണ്ട്. നീ പ്രതിരോധിക്കുക ഞങ്ങളുണ്ട് ഒപ്പം– മമ്മൂട്ടി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാരിയർ. അതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഈ ഒരു സാഹചര്യം ഏതൊരു പെൺകുട്ടിക്കും വരാം. പക്ഷെ ആ കുട്ടിയുടെ മനോധൈര്യം അത്ഭുതപ്പെടുത്തിയെന്നും മഞ്ജു പറഞ്ഞു.

കൂടുതൽ ചിത്രങ്ങൾക്ക്

amma2

ഇത്രയും കാലമായി സിനിമ ഇവിടെ തുടങ്ങിയിട്ട്. ആദ്യമായാണ് ഇത്തരം ദാരുണമായ കാര്യം ഉണ്ടാകുന്നതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. ഇത്തരം സംഭവങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ കാണാറുണ്ട്. എന്നാൽ, നമ്മുടെ നാട്ടിൽ ഉണ്ടാവാറില്ല. സംഭവത്തിൽ വലിയ ദുഃഖമുണ്ട്. നമ്മളെല്ലാം അവർക്കൊപ്പമുണ്ട്. ഇത്തരം സംഭവങ്ങളെ ഉൽസവമായി ആഘോഷിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. കാര്യങ്ങൾ പൊലീസ് ഭംഗിയായി ചെയ്യുന്നുണ്ട്, അതിന് സമയമെടുക്കുമായിരിക്കും. എന്നാൽ, പ്രതികൾക്ക് രക്ഷപ്പെടാൻ ഒരു പഴുതുപോലും ഉണ്ടാവരുത്. ഇനിയൊരിക്കലും ഇത്തരമൊരു വിപത്ത് ഉണ്ടാവരുത്. ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഇന്നസെന്റ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ജയസൂര്യ, മനോജ്.കെ. ജയൻ, ദിലീപ്, കാളിദാസൻ, സിദ്ധിഖ്, സംവിധായകൻമാരായ കമൽ, രഞ്ജിത്ത്, ജോഷി, മേജർ രവി, ലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, ഹൈബി ഈഡൻ എംഎൽഎ, പി.ടി. തോമസ് എംഎൽഎ എന്നിവരും എത്തിയിരുന്നു. ഫെബ്രുവരി 17 വെള്ളിയാഴ്ച കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി അഭയം തേടിയെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. തുടര്‍ന്ന് ലാലടക്കമുള്ളവരുടെ പിന്തുണയിലാണ് നടി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്.

amma4

കൂടുതൽ വാർത്തകൾക്ക്