Saturday 13 January 2018 12:21 PM IST : By സ്വന്തം ലേഖകൻ

വീണ്ടും എത്തുമോ ‘മാംഗല്യം തന്തനാനേനാ’ പോലൊരു ഹിറ്റ്; അഞ്ജലി മേനോന്‍ ചിത്രത്തിലെ സംഗീതമിങ്ങനെ

raghu

‘മാംഗല്യം തന്തനാനേനാ’ എന്ന ബാംഗ്ലൂര്‍ ഡേയ്സിലെ പാട്ട്  നാല് വര്‍ഷം കഴിഞ്ഞിട്ടും  മലയാളി പ്രേക്ഷകര്‍ കളഞ്ഞിട്ടില്ല. കല്യാണ മേളത്തില്‍ ഇപ്പോഴും ‘മാംഗല്യം’ ഇല്ലാതെ പറ്റില്ലാത്തവരാണ് യുവാക്കള്‍. അത് കൊണ്ട് തന്നെ നസ്രിയയും പൃഥ്വിരാജും പാര്‍വതിയുമുള്‍പ്പടെ യുവതാര നിരയുമായി അഞ്ജലി മേനോന്‍  ചിത്രം എത്തുമ്പോള്‍ ഗാനങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്‌. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പാട്ടുകള്‍ തയ്യാറായതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.  

രഘു ദീക്ഷിത്, എം ജയചന്ദ്രന്‍ എന്നിവരാണ് സംഗീത സംവിധായര്‍. സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്ന രഘു ദീക്ഷിത് തന്നെയാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടത്.

“സിങ്കപ്പൂരില്‍ നിന്നും മടങ്ങുന്ന വഴി എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഊട്ടിയിലേക്ക് ഓടിച്ചു പോയി, മലയാളത്തില്‍ ആദ്യമായി കമ്പോസ് ചെയ്ത ഗാനത്തിനു ജീവന്‍ വയ്ക്കുന്നത് കാണാന്‍. അഞ്ജലി മേനോന്‍റെ സംവിധാന മികവില്‍ നടീ നടന്മാര്‍ ഗാന രംഗത്തില്‍ അഭിനയിക്കുന്ന കാഴ്ച അതീവ സന്തോഷകരമായിരുന്നു. മുത്താണീ ചിത്രം – എന്നെ അതിന്‍റെ ഭാഗമാക്കിയതില്‍ നന്ദി അഞ്ജലി, നിങ്ങളുടെ കൂടെ ജോലി ചെയ്യാനും അതിലൂടെ പലതും പഠിക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു”, എന്നാണ് രഘു ദീക്ഷിത് കുറിച്ചത്.

‘ക്വിക്ക് ഗണ്‍ മുരുഗന്‍’, ഹാപ്പി ന്യൂ ഇയര്‍’ എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കിയ രഘു ഇതിന് മുന്‍പ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് രാജാ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത് സൈഫ് അലി ഖാന്‍ നായകനായ ‘ഷെഫ്’ എന്ന ചിത്രമാണ്. ഇതിലെ ഗാനങ്ങള്‍ കേട്ടാണ് അഞ്ജലി തന്നെ ക്ഷണിച്ചത് എന്നും രഘു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നോര്‍ത്ത് 24 കാതം എന്ന അനില്‍ രാധാകൃഷ്ണ മേനോന്‍ - ഫഹദ് ചിത്രത്തില്‍ ഗോവിന്ദ് മേനോന്‍റെ സംഗീത സംവിധാനത്തില്‍ ബിജിബാലിനൊപ്പം ഒരു ഗാനവും ആലപിച്ചിട്ടുണ്ട് രഘു.