Friday 01 March 2019 04:49 PM IST : By സ്വന്തം ലേഖകൻ

ഒന്നാമത്തേത് ഒന്നുമല്ല, ബാഹുബലിയുടെ രണ്ടാംഭാഗമാണ് സൂപ്പർ ഡ്യൂപ്പർ! പ്രേക്ഷക പ്രതികരണം ഇങ്ങനെ

pic-bahubali.jpg.image.784.410

ദുബായ് ∙ ഒന്നാമത്തേത് ഒന്നുമല്ല, രണ്ടാം ഭാഗമാണ് യഥാർഥ ബാഹുബലി. കിടിലോൽക്കിടിലൻ–കണ്ണുംനട്ട് കാത്തിരുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം കണ്ട് ദുബായിലെ തിയറ്ററുകളിൽ നിന്നിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണമിതാണ്. യുഎഇ സമയം വൈകിട്ട് നാലിനായിരുന്നു യുഎഇയിലെ തിയറ്ററുകളിൽ ബാഹുബലിയുടെ ആദ്യ പ്രദർശനം.

അര മണിക്കൂർ വിട്ടാണ് ഒരു തിയറ്ററുകളിലെ വ്യത്യസ്ത സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചത്. ഒാരോ ഷോ കഴിഞ്ഞിറങ്ങുന്നവരോടും അടുത്തതിന് കാത്തിരിക്കുന്നവർക്ക് ചോദിക്കാനുണ്ടായിരുന്നത് ഒന്നു മാത്രം– കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? ലഭിച്ച മറുപടി ഇതായിരുന്നു: അത് കൊന്നാലും പറയില്ല. കണ്ട് തന്നെ അറിയേണ്ട സംഭവമാണത്.

ചിത്രം ആദ്യ പകുതി പിന്നിട്ടപ്പോൾ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രതികരണം പ്രവഹിച്ചു– സൂപ്പർ ഡ്യൂപ്പർ. രണ്ടാം പകുതി കാണാനുള്ള ആകാംക്ഷ കാരണം തിയറ്ററിലെ ഇടവേളയ്ക്ക് ദൈർഘ്യം കൂടിപ്പോയെന്നുപോലും അഭിപ്രായപ്പെട്ടവരുണ്ട്. ബാഹുബലിയായി പ്രഭാസും ദേവസേനയായി അനുഷ്കയും തകർത്തഭിനയിച്ചു. റാണാ ദഗ്ഗുപതിയും തമന്നയും സത്യരാജും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. എസ്.എസ്. രാജമൗലിയുടെ സംവിധാന മികവ് രണ്ടാം ഭാഗത്തിൽ ഒന്നുകൂടി മികച്ചതായി. ഗ്രാഫിക്സ് തകർപ്പൻ.

യുഎഇയിലെ 200ലേറെ തിയറ്ററുകളിലാണ് ബാഹുബലി–2 ഇന്ന് റിലീസായത്. മലയാളം കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ കൂടി ചിത്രം പ്രദർശിപ്പിക്കുന്നു. മലയാളികളെ കൂടാതെ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷക്കാരും തിയറ്ററുകളിൽ ഇടിച്ചുകയറി. പലരും ഉച്ചയ്ക്ക് ജോലി സ്ഥലത്ത് നിന്ന് അവധിയെടുത്തും മുങ്ങിയുമാണ് സിനിമ കാണാനെത്തിയത്.  മിക്ക തിയ്യറ്ററുകളിലും അഞ്ചിലേറെ സ്ക്രീനുകളിൽ ഇന്ന് തന്നെ പത്തിലേറെ പ്രദർശനങ്ങൾ നടക്കുന്നു.

നാളെ പുലർച്ച വരെ പ്രദർശനമുണ്ടെന്നും വാരാന്ത്യ അവധി ദിനമായ നാളെ ഒരു ഷോയ്ക്കും സീറ്റുകൾ ബാക്കിയില്ലെന്നും ഷാർജ സ്റ്റാർ സിനി പ്ലക്സ് മാനേജർ ഉണ്ണികൃഷ്ണൻ പറഞ്ഞു. എല്ലാ ഷോയ്ക്കും നേരത്തെ തന്നെ യുഎഇയിലെ തിയറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യുഎഇയിലെ സെൻസർ കമ്മിറ്റിയിലെ ഒരു സ്വദേശി അംഗം നേരത്തെ തന്നെ ചിത്രം കണ്ട് അതിഗംഭീരമെന്ന് വിധിയെഴുതിയതായി വാർത്ത പരന്നതോടെ സ്വദേശികളും യുഎഇയിലുള്ള മറ്റു രാജ്യക്കാരും ചിത്രം കാണാനെത്തി. കേരളത്തിലടക്കം ഇന്ത്യയിൽ ചിത്രം നാളെയാണ് റിലീസാവുക. യുഎഇ റിലീസിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം പ്രഭാസ്, അനുഷ്ക എന്നിവർ ദുബായിലെത്തിയിരുന്നു.

കൂടുതൽ വാർത്തകൾക്ക്

Bahubali-2a