Friday 01 March 2019 04:30 PM IST : By ടി. വരുൺ കുമാർ

കാത്തിരിപ്പ് അവസാനിക്കാൻ ഇനി മൂന്നുനാൾ മാത്രം! ബാഹുബലി 2 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും

bahubalivid

കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നുവെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി മൂന്നുനാൾ മാത്രം. ഒരു ചിത്രത്തിന്റെ സസ്പെൻസ് അറിയാനായി രണ്ടാംഭാഗത്തിനായി ലോകം മുഴുവൻ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദ് കൺക്യൂഷൻ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും.

രണ്ടുവർഷങ്ങൾക്കു ശേഷമാണ് ബാഹുബലി രണ്ട് തിയറ്ററുകളിൽ എത്തുന്നത്. എസ്.എ​സ്. രാജമൗലി നിർമിച്ച ബാഹുബലി ദ് ബിഗിനിങ് 150 കോടി ചെലവിൽ പുറത്തിറക്കിയ ചിത്രമായിരുന്നു. സാങ്കേതികവിദ്യകൊണ്ടും മേക്കിങ് കൊണ്ടും ജനത്തിനെ കോരിത്തരിപ്പിച്ച ചിത്രം 650 കോടിയാണ് ലോകവ്യാപകമായി വാരിയത്. ചിത്രത്തിന്റെ ക്ലൈമാക്സിലാണ് ബാഹുബലിയെ കുത്തിവീഴ്ത്തിയത് കട്ടപ്പയാണെന്ന കാര്യം പ്രേക്ഷകനെ അറിയിച്ചു ചിത്രം അവസാനിക്കുന്നത്.  

വീരനും കരുത്തനുമായ ബാഹുബലിയെ എന്തിനു കട്ടപ്പ കുത്തിക്കൊന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ചിത്രത്തിന്റെ രണ്ടാംഭാഗം കാണാൻ  പ്രേക്ഷകൻ കാത്തിരിക്കുന്നത്. തലസ്ഥാനത്ത് ഏരീസ് പ്ളക്സ്, കലാഭവൻ, കൈരളി, ശ്രീപത്മനാഭ, ദേവിപ്രിയ എന്നിവിടങ്ങളിലാണ് ചിത്രമെത്തുന്നത്. പേയാട് എസ്പിയിലും ചിത്രമുണ്ട്.  

ഇവിടങ്ങളിൽ കൂടാതെ കഴക്കൂട്ടം കൃഷ്ണ, കളിയിക്കാവിള തമീൻസ്, നെടുമങ്ങാട് റാണി, കഠിനംകുളം ജീട്രാക്സ്, പടതാലുംമൂട് ഐഎംപി, കളിയിക്കാവിള ശ്രീസരസ്വതി, ശ്രീകാളിശ്വരി, ആറ്റിങ്ങൽ ഗംഗ തുടങ്ങിയ കേന്ദ്രങ്ങളിലും ബാഹുബലി രണ്ട് പടയോട്ടം നടത്തും. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ്, തമന്ന, അനുഷ്ക, സത്യരാജ്, റാണാഗുപ്ത, നാസർ, രമ്യാകൃഷ്ണൻ തുടങ്ങിയവരാണ്  പ്രധാന അഭിനേതാക്കൾ.

തലസ്ഥാനത്ത് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ബാഹുബലി 2

തലസ്ഥാനത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് ബാഹുബലി രണ്ട് റിലീസ് ചെയ്യുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ തമിഴ് ഭാഷയിലെ ബാഹുബലി 2 എത്തുന്നത്. ഏരീസ് പ്ളക്സ്, ശ്രീപത്മനാഭ, ദേവി പ്രിയ, കൈരളി, കലാഭവൻ, പേയാട് എസ്പി സിനിമാസ്, കഠിനംകുളം ജീട്രാക്സ്, പടതാലുംമൂട് ഐഎംപി, കളിയിക്കാവിള ശ്രീസരസ്വതി, ശ്രീകാളിശ്വരി , ആറ്റിങ്ങൽ ഗംഗ എന്നിവിടങ്ങളിലാണ് തമിഴ് ബാഹുബലി 2 കളിക്കുന്നത്.

ഏരീസ് പ്ളക്സിൽ വൈകിട്ട് മുന്നിനും രാത്രി 10.30 നുമാണ് തെലുങ്ക് ബാഹുബലി കളിക്കുന്നത്. ഇവിടെ രാവിലെ 11നും വൈകിട്ട് 6.45 നും മലയാളത്തിലുള്ള ചിത്രം കാണാം. കഴക്കൂട്ടം കൃഷ്ണ തിയറ്ററിലാണ് ഹിന്ദി ബാഹുബലി പ്രദർശിപ്പിക്കുന്നത്.  

നഗരത്തിൽ മാത്രം മുപ്പതിലധികം പ്രദർശനങ്ങൾ

ഏരീസ് പ്ളക്സ്, കൈരളി, കലാഭവൻ, ശ്രീപത്മനാഭ, ദേവി പ്രിയ എന്നിവിടങ്ങളിൽ മാത്രം ബാഹുബലി നടത്തുന്നതു മുപ്പതിലധികം പ്രദർശനങ്ങൾ. ആദ്യ പ്രദർശനം രാവിലെ ആറിന് ആരംഭിക്കും. ഏരീസ് പ്ളക്സ്, പത്മനാഭ എന്നിവിടങ്ങളിലാണ് അതിരാവിലെ ചിത്രത്തിന്റെ പ്രദർശനം ഉള്ളത്.  

സർക്കാർ തിയറ്ററുകളായ കൈരളി, കലാഭവൻ എന്നിവിടങ്ങളിൽ അഞ്ചു പ്രദർശനം വീതം ഉണ്ടാകും.  പേയാട് എസ്പി സിനിമാസിൽ ചിത്രത്തിന്റെ ആദ്യ പ്രദർശം രാവിലെ ഏഴിന് ആരംഭിക്കും. ആദ്യ മൂന്നുദിനത്തിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയി കഴിഞ്ഞു. മറ്റു തിയറ്ററുകളിലെ പ്രദർശനങ്ങൾ ഉൾപ്പെടെ ഏഴുപതോളം പ്രദർശനങ്ങൾ ജില്ലയിൽ ബാഹുബലി രണ്ടിനായി ആദ്യദിനത്തിൽ നടക്കും.

കൂടുതൽ വാർത്തകൾ അറിയാം