Wednesday 20 March 2019 10:29 AM IST : By സ്വന്തം ലേഖകൻ

ബേസിലിനെ ഞെട്ടിച്ച് സാക്ഷി മാലിക്ക്; അന്നത്തെ ബെംഗളൂരു യാത്രയിൽ സംഭവിച്ചത്!

basil-s

ടൊവിനോയും വാമിഖ ഗബ്ബിയും നായികാ-നായകന്മാരായെത്തിയ ഗോദ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സിനിമ വിജയമായതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. ഒപ്പം ഇരട്ടി മധുരമായി മറ്റൊരു സംഭവം കൂടി ബേസിലിന്റെ ജീവിതത്തിൽ നടന്നു. ബേസിലിന്റെ വലിയ സ്വപ്നമാണ് അന്നത്തെ ബെംഗളൂരു യാത്രയിൽ സഫലമായത്.

ഗുസ്തിക്കാരുടെ കഥ പറയുന്ന ഗോദ, ഒളിമ്പിക് മെഡല്‍ ജേതാവായ സാക്ഷി മാലിക്കിനെ കാണിക്കണമെന്നായിരുന്നു ബേസിലിന്റെ വലിയ ആഗ്രഹം. ഇതിനുവേണ്ടി കുറേ പരിശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ഈയടുത്തു നടത്തിയ ഒരു ബെംഗളൂരു യാത്രയില്‍ സാക്ഷാൽ സാക്ഷിയെ ബേസിൽ അവിചാരിതമായി കണ്ടു. ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ബേസില്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് തന്റെ സിനിമയെക്കുറിച്ച് കുറിച്ച് സാക്ഷിയോട് പറഞ്ഞു.

സാക്ഷിയുടെ മറുപടിയായിരുന്നു ബേസിലിനെ ശരിക്കും ഞെട്ടിച്ചത്. "പഞ്ചാബിയായ ഗുസ്തിക്കാരി പെണ്‍കുട്ടിയുടെ സിനിമയല്ലേ അത് ?" സിനിമയെക്കുറിച്ച് സാക്ഷിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും സാക്ഷി കണ്ടിട്ടുണ്ട്. പിന്നീട് ഗോദയുടെ പ്രമോ വിഡിയോ ബേസിൽ കാണിച്ചു കൊടുത്തു. തുടർന്ന് സാക്ഷിയ്‌ക്കും ഭര്‍ത്താവിനുമൊപ്പം കാപ്പി കുടിച്ചാണ് സംവിധായകൻ പിരിഞ്ഞത്. അപ്ര്രതീക്ഷിതമായി ലഭിച്ച സന്തോഷത്തെ കുറിച്ച് ബേസിൽ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.