Saturday 16 February 2019 10:38 AM IST : By സ്വന്തം ലേഖകൻ

ഇനിയുള്ള ജീവിതത്തിൽ തീരുമാനങ്ങൾ എന്റേത് കൂടിയാണ്: ഭാവന പറയുന്നു

bhavana-open

വിവാഹമെന്ന ചരടുകൊണ്ട് കെട്ടിയിടേണ്ടതാണോ ഒരു പെണ്ണിന്റെ ജീവിതം? വിവാഹത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ പെണ്ണിന്റെ സ്വപ്നങ്ങൾക്കു കൂടി പരിഗണന നൽകണമെന്നു പറയുന്നത് നടി ഭാവനയാണ്. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത ‘ഓപ്പൺ യുവർ മൈൻഡ്’ എന്ന ഷോർട്ട് ഫിലിമിലാണ് പെണ്ണുകാണൽ രംഗത്തിലെ നായികയായെത്തി ഭാവന എല്ലാ വനിതകളുടെയും പ്രതിനിധിയാകുന്നത്. പെണ്ണുകാണാനെത്തിയ യുവാവിനോട് വിവാഹശേഷം ഡോക്ടറായി പ്രാക്ടീസ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന പെൺകുട്ടി. അതിനു ലഭിക്കുന്ന മറുപടിയാണ് സ്വന്തം തീരുമാനം ഉറക്കെ പറയാൻ അവളെ പ്രേരിപ്പിക്കുന്നത്.

ഒരേ സമയം നടക്കുന്ന മൂന്ന് കഥകളാണ് ‘ഓപ്പൺ യുവർ മൈൻഡ്.’ ഇഷ്ടമില്ലാത്ത ജോലി ഉപേക്ഷിച്ച് ഇഷ്ടമുള്ള ജീവിതം പിന്തുടരാനിറങ്ങുന്ന ഐടി പ്രഫഷണലായി അനു മോഹനെത്തുന്നു. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിനു കാരണമാകുന്നതെന്ന വീട്ടുചർച്ച കൂട്ടുകാരോട് പങ്കുവച്ച് കൂട്ടുകാരിയെ സംരക്ഷിക്കാൻ തീരുമാനിക്കുന്ന കുട്ടിസംഘത്തിന്റെ നായകനായെത്തുന്നത് ‘പുലിമുരുകൻ’ ഫെയിം അജാസാണ്.

മാണിക്കോത്ത് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ വിനു മോഹനും പ്രജിൽ മാണികികോത്തും ചേർന്ന് നിർമിച്ച ‘ഓപ്പൺ യുവർ മൈൻഡി’ന്റെ എഡിറ്റിങ് വിഷ്ണു എൻ. ഭട്ടതിരിയാണ്. വിഷ്ണു ജി. രാഘവും അനു മോഹനുമാണ് കഥയും തിരക്കഥയുമെഴുതിയത്. റോബി രാജിന്റെ ക്യാമറ ഒപ്പിയടുത്ത ഫ്രെയിമുകൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് റോബി എബ്രഹാമാണ്. സൗണ്ട് ഡിസൈൻ എം.ആർ. രാജാകൃഷ്ണൻ, ഫോർ ഫ്രെയിംസ്.