Thursday 27 June 2019 03:38 PM IST : By സ്വന്തം ലേഖകൻ

നടൻ ധർമജൻ അയ്യനരികിലെത്തി; മകളുടെ കൈപിടിച്ച്

pathanamthitta-dharmajan.jpg.image.784.410

‘കുട്ടനാടൻ മാർപാപ്പ’യുടെ ഷൂട്ടിങ് തിരക്കായതിനാൽ വൃശ്ചികം കഴിയും മുൻപേ ദർശനത്തിനെത്താൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലായിരുന്നെന്ന് നടൻ ധർമജൻ. നായകനായ കുഞ്ചാക്കോ ബോബനും മറ്റു താരങ്ങളായ അജു വർഗീസ്, ഇന്നസന്റ്, രമേശ് പിഷാരടി, അതിഥി രവി, ശാന്തി കൃഷ്ണ, മല്ലിക സുകുമാരൻ തുടങ്ങിയവർ ഏറെ സഹായിച്ചതിനാൽ രണ്ട് ദിവസത്തെ ചിത്രീകരണം ഒറ്റദിവസം കൊണ്ട് തീർത്ത് അയ്യപ്പ ദർശനത്തിനു പോകാൻ സംവിധായകനായ ശ്രീജിത് വിജയ് സൗകര്യം ഒരുക്കിത്തരികയായിരുന്നു.

വ്രതാനുഷ്ഠാനം മുഴുവൻ ഇത്തവണ ഷൂട്ടിങ് ലൊക്കേഷനുകളിലായിരുന്നു. മകൾ വൈഗയെ കന്നിക്കാരിയായി മലചവിട്ടിക്കേണ്ടതിനാൽ കഠിനവ്രതമായിരുന്നു. ഷൂട്ടിങ് തിരക്ക് അതിനൊന്നും തടസ്സമായില്ല. എല്ലാവരും തന്നെ സ്വാമിയായി തന്നെ കണ്ടു. മകൾ വൈഗ ആദ്യമായി കെട്ടുമുറുക്കി ദർശനത്തിനായി വരുന്നതിനാൽ വീട്ടിൽ വലിയ ആഘോഷമായിരുന്നു. വീട്ടുമുറ്റത്തു പന്തലിട്ട് അയ്യപ്പൻ വിളക്കു നടത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് സദ്യനൽകി.

കെട്ടുമുറുക്കു ചടങ്ങുകൾ രാത്രി 11ന് പൂർത്തിയാക്കി വീട്ടിൽ നിന്നിറങ്ങി. പുലർച്ചെ 2.30ന് പമ്പയിൽ എത്തി. ശരണംവിളികളുമായി മലകയറുമ്പോൾ ഭഗവാനോട് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളു. തിക്കിലും തിരക്കിലും പെടാതെ മകളെയും കൊണ്ട് പതിനെട്ടാംപടി കയറണം. നല്ലദർശനം കിട്ടണം. ആദ്യം ശബരിമലയിൽ എത്തിയപ്പോൾ 10 മണിക്കൂറിലേറെ വരിയിൽ നിന്നു. കഴിഞ്ഞ ദിവസം ജ്യേഷ്ഠൻ ബാഹുലേയൻ ദർശനത്തിനു വന്നപ്പോൾ 14 മണിക്കൂർ ക്യൂ നിന്നു ശരിക്കും കഷ്ടപ്പെട്ടു. എന്നിട്ടും അയ്യപ്പസ്വാമിയെ നല്ലതുപോലെ കണ്ടു തൊഴാൻ പോലും കഴിഞ്ഞില്ല. അതിനാലാണ് കഷ്ടതകളില്ലാതെ ദർശനം കിട്ടാൻ പ്രാർഥിച്ചത്.

അധികമാരും തിരിച്ചറിയാതിരിക്കാൻ തലയിൽ തോർത്തു കൊണ്ട് കെട്ടുകെട്ടി. ഇരുമുടിയും ശിരസ്സിലേറ്റി മകളുടെ കൈക്കു പിടിച്ചു മലചവിട്ടി. മരക്കൂട്ടത്ത് എത്തിയപ്പോൾ അവിടെ നിന്ന പൊലീസുകാരോടു പറഞ്ഞു. അവർ ശരംകുത്തി വഴി വിടാതെ ചന്ദ്രാനന്ദൻ റോഡ് വഴി നേരെ സന്നിധാനത്ത് എത്താൻ സഹായിച്ചു. തലയിലെ കെട്ടഴിച്ച് ഇരുമുടി അതിൽവച്ച് പതിനെട്ടാംപടിക്കൽ അടിക്കാനുള്ള നാളികേരം എടുക്കുമ്പോൾ പൊലീസുകാർ തിരിച്ചറിഞ്ഞു. ബാരിക്കേഡിന് ഇടയിലൂടെ കയറ്റി നേരെ പതിനെട്ടാംപടിക്കലേക്കു വിട്ടു. കാരുണ്യമൂർത്തിയുടെ കടാക്ഷമായി ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ പടികയറി ദർശനം നടത്തി.

എന്റെ എല്ലാ ഉയർച്ചയ്ക്കും പിന്നിൽ അയ്യപ്പസ്വാമിയുടെ കടാക്ഷമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ തിരക്കുള്ള നടനായി മാറി. കുട്ടനാടൻ മാർപാപ്പയിൽ ചാക്കോച്ചന്റെ അടുത്ത സുഹൃത്തായ താറാവു കച്ചവടക്കാരന്റെ റോളാണ്. മുട്ടയെന്നാണ് അതിൽ വിളിക്കുന്നത്. ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്. കുട്ടനാടൻ മാർപാപ്പയുടെ ഷൂട്ടിങ് കഴിഞ്ഞാൽ നേരെ പോകുന്നത് വികിട കുമാരന്റെ ലൊക്കേഷനിലേക്കാണ്. ബോബൻ സാമുവലിന്റെ ചിത്രമാണത്. അതിൽ നായക വേഷമാണ്.

കൂടുതൽ വായനയ്ക്ക്