Friday 31 May 2019 02:35 PM IST : By നിഖിൽ സ്കറിയ കോര

’സിംഹത്തെ പോലെ ഗർജിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു’; അതുല്യ നടൻ തിലകനെ ഓർമ്മിച്ച് വിനയൻ

thilakan-vinayan1

വിലക്കും വിനയനും ഒരുകാലത്ത് വാർത്തകളിൽ ഇടകലർന്നു കിടന്നിരുന്ന വാക്കുകളായിരുന്നു. ഒൻപതു വർഷത്തെ വനവാസം കഴിഞ്ഞ് വിനയൻ തിരിച്ചെത്തുമ്പോൾ തന്റെ നിലപാടുകളിൽ ഒരു മാറ്റവുമില്ല എന്ന് അദ്ദേഹം വിനയത്തോടെ സിനിമാലോകത്തെ ഓർമിപ്പിക്കുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം മനോരമ ഓൺലൈനിന്റെ പ്രത്യേക അഭിമുഖ പരിപാടിയായ മറുപുറത്തിൽ സംസാരിച്ചപ്പോൾ..

∙ പൃഥ്വിരാജിന്റെ വിലക്ക് നീക്കി അദ്ദേഹത്തെ അഭിനയിപ്പിച്ചത് വിനയൻ ആണെന്ന് അടുത്തിടെ മല്ലിക സുകുമാരൻ‌ പറഞ്ഞു. ആരാണ് പൃഥ്വിയെ വിലക്കിയത്? എന്തിനായിരുന്നു അത്?

പൃഥ്വിരാജ് വളരെ ബോൾഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറയുന്ന ആളാണ്. ’അത്ഭുതദ്വീപി’ന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളിൽ മറ്റുള്ളവർ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാർ ആണ് ’അത്ഭുതദ്വീപ്’ എന്ന സിനിമ ഉണ്ടാകാൻ കാരണക്കാരൻ. അദ്ദേഹം പറഞ്ഞ ഒരു ആശയത്തിൽ നിന്ന് രൂപപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ആശയം. ചിത്രത്തിൽ നായകനായി എന്റെ മനസ്സിൽ രാജു ആയിരുന്നു.

അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കിൽ പ്രശ്നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാൽ മതിയെന്ന് കൽപന പറഞ്ഞു. ഞാൻ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാർ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗൺസ്മെന്റും നടത്തി. നേരത്തെ കരാർ ഒപ്പു വച്ചതിനാൽ ആർക്കും പ്രശ്നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്.

∙ മഹാനടനായ തിലകൻ താങ്കളുടെ സിനിമകളിൽ അഭിനയിച്ചതിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടില്ലേ ? അദ്ദേഹം നാടകത്തിൽ അഭിനയിക്കേണ്ട അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയില്ലേ ?

മുഖത്തു നോക്കി കാര്യങ്ങൾ വിളിച്ചു പറയുന്ന ആളായിരുന്നു തിലകൻ. നിലപാടുകളുള്ള ആളായിരുന്നു. എന്നെ വിലക്കിയപ്പോൾ അദ്ദേഹമാണ് എന്നോട് പറഞ്ഞത് വിനയന്റെ പടത്തിൽ എനിക്ക് അഭിനയിക്കണം എന്ന്. ഞാൻ വേഷം കൊടുത്തു. അദ്ദേഹം അഭിനയിച്ചു. ആരും അദ്ദേഹത്തോട് അഭിനയിക്കരുത് എന്നു പറഞ്ഞതുമില്ല. പക്ഷേ അദ്ദേഹം അഡ്വാൻസ് വാങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്സ് പോലുള്ള സിനിമകളിൽ നിന്ന് അദ്ദേഹത്തെ മാറ്റി. സോഹൻ റോയിയുടെ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിൽ അദ്ദേഹമായിരുന്നു അഭിനയിക്കേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് കണ്ടപ്പോൾ അദ്ദേഹം സിനിമയിലെ ഇംഗ്ലീഷ് ഡയലോഗൊക്കെ എന്നെ പറഞ്ഞു കേൾപ്പിച്ചു.

പിറ്റേന്നാണ് തിലകൻ അഭിനയിച്ചാൽ ഫെഫ്കയിലെ ഒറ്റ ടെക്നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ലഭിക്കുന്നത്. അത് അദ്ദേത്തിന് വലിയ ഷോക്കായി. എന്തിനായിരുന്നു ഇവർ അന്ന് അദ്ദേഹത്തോട് അങ്ങനെ ചെയ്തത് ? അന്ന് ഇൗ താരങ്ങൾക്ക് ഉണ്ണിക്കൃഷ്ണനെ പോലുള്ളവരെ വിളിച്ച് തിലകനോട് അങ്ങനെ ചെയ്യരുത് എന്ന് പറയാമായിരുന്നല്ലോ ? ഇയാളിലെ നടൻ മരിച്ചിരിക്കുന്നു എന്നാണ് അന്ന് അവർ പറഞ്ഞത്. അദ്ദേഹം പിന്നീട് സീരിയലിൽ അഭിനയിക്കാൻ പോയി. അഡ്വാൻസ് മേടിക്കേണ്ട അന്ന് നിർമാതാവ് വന്നു പറഞ്ഞു.

‘‘ക്ഷമിക്കണം സാർ. താങ്കൾ അഭിനയിച്ചാൽ മറ്റു സീരിയൽ താരങ്ങൾ അഭിനയിക്കില്ല എന്നാണ് പറയുന്നത്.’’ എന്നെ സിനിമയിൽ അഭിനയിപ്പിക്കില്ല, ഇനി സീരിയലിലും അഭിനയിപ്പിക്കില്ല എന്നാണോ? അദ്ദേഹം ചോദിച്ചു. സിംഹത്തെ പോലെ ഗർജിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് അന്നു ഞാൻ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. അന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് തോൽക്കാൻ പറ്റില്ല, ഞാൻ നാടകം കളിക്കും എന്ന്.

അഭിമുഖം പൂർണ്ണമായും കാണാം