Friday 15 February 2019 11:30 AM IST : By സ്വന്തം ലേഖകൻ

ലൈലാകമേ... സംഗീത സംവിധായകൻ പാടിയാൽ പാട്ട് വേറെ ലെവലാ!

rahul

ഒരു ഗാനത്തെ ഏറ്റവും അടുത്തറിയുന്നയാൾ മിക്കപ്പോഴും സംഗീത സംവിധായകൻ തന്നെയാണ്. എഴുത്തുകാർ നൽകുന്ന വരികളുടെ ആത്മാവ് കണ്ടെത്തി അതിൽ സംഗീതം ചേർത്ത് അതിനോടിണങ്ങിയ സ്വരങ്ങളിലുള്ള ഗായകരെ തിരഞ്ഞെടുത്ത് നല്ല പാട്ടുകൾ സൃഷ്ടിക്കുന്നത് സംഗീത സംവിധായകനാണ്. അതുകൊണ്ടു തന്നെ സംഗീത സംവിധായകർ അവരുടെ സ്വന്തം ഗാനം പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്. ലൈലാകമേ എന്ന പാട്ടിന്, അതിന്റെ സംഗീത സംവിധായകനായ രാഹുൽ രാജ് തയ്യാറാക്കിയ കവർ വിഡിയോ നമുക്കൊരുപാട് പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്.

പൃഥ്വിരാജ് നായകനായ ഹൊറർ ചിത്രം എസ്രയിലെ 'ലൈലാകമേ' എന്ന ഗാനമാണ് അടുത്തകാലത്ത് മലയാളി ഏറ്റവുമധികം സ്വീകരിച്ച പ്രണയഗാനം, ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾ പാടിയത് ഹരിചരണും. ഗാനത്തിന് ബാക്കിങ് വോക്കൽ പാടിയത് രാഹുൽ രാജ് ആയിരുന്നു. ഭാവാർദ്രമായ ആലാപനമായിരുന്നു ഹരിചരണിന്റേത്. ഹൃദയത്തിൽ തൊടുന്നത്. കവർ വേർഷൻ പാടിയപ്പോൾ രാഹുൽ പാട്ടിനോടു നീതിപുലർത്തി, മനോഹരമായി തന്നെ പാടി. ഒറിജിനൽ ഗാനത്തിന്റെ ഈണം കുറച്ചു മാറ്റിയാണ് രാഹുൽ പാടിയതെന്നതിനാൽ അതൊരു വ്യത്യസ്തമായ അനുഭവവുമായി.

പാട്ടിന്റെ വരികളിലെ ഗൃഹാതുരത്വവും പ്രണയവും സൗഹൃദവും ഈണത്തിലെ കൗതുകവും പാട്ടിനെ പ്രിയ ഗാനങ്ങളിലൊന്നാക്കി മാറ്റി. മഞ്ഞു പോലുള്ള പ്രണയഗാനങ്ങൾ തീര്‍ക്കുന്നതിലെ രാഹുൽ രാജിന്റെ മികവ് ഒന്നുകൂടി അടുത്തറിയുകയായിരുന്നു ലൈലാകമേ എന്ന ഗാനത്തിലൂടെ. നാൽപതു ലക്ഷത്തോളം പ്രാവശ്യമാണ് ഈ പാട്ട് യൂട്യൂബ് വഴി ആളുകൾ കണ്ടത്.