Thursday 18 January 2018 11:30 AM IST : By സ്വന്തം ലേഖകൻ

ഗപ്പിയുമായി വീണ്ടും ടൊവിനോ എത്തുന്നു...

guppy

ടൊവീനോ തോമസ് നായകനായെത്തിയ മികച്ച സിനിമകളിലൊന്നായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം ഗപ്പി. 2016 ല്‍ റിലീസ് ചെയ്ത ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് മലയാളികള്‍ ഗപ്പിയെ എത്തിച്ചു. അത്രമാത്രം പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന്. നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. ടൊവിനോയ്ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഗപ്പി. ചിത്രത്തില്‍ മാസ്റ്റര്‍ ചേതനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച വച്ചു. തിയേറ്ററുകളില്‍ മോശം പ്രതികരണമാിരുന്നെങ്കിലും ടൊറന്‍റില്‍ ചിത്രത്തിന് വനലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 21ന് ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണ്. നടന്‍ ടൊവിനോ തോമസ് തന്നെയാണ് ചിത്രത്തിന്‍റെ റീറിലീസ് വിവരം ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടത്.

മൂന്നു ജില്ലകളിലാണ് ചിത്രത്തിന്റെ റീ റിലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീവിശാഖ്, എറണാകുളത്ത് സവിത, മലപ്പുറത്ത് നവീന്‍ എന്നീ തീയേറ്ററുകളില്‍ രാവിലെ 8 മണിക്കാണ് ചിത്രം റിലീസ് ചെയ്യുക.