Wednesday 17 January 2018 04:48 PM IST : By സ്വന്തം ലേഖകൻ

റിമയെ ഫെമിനിച്ചിയെന്നു വിളിക്കും മുമ്പ് ആണേ പെണ്ണേ ഒരു നിമിഷം! ഹിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

rima_hima

സിനിമയിലും സമൂഹത്തിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെ തന്റെ ജീവിതാനുഭവങ്ങളുമായി കോര്‍ത്തിണക്കിയുള്ള നടി റിമ കല്ലിങ്കലിന്റെ ടെഡ്എക്സ് ടോക് ആണ് സോഷ്യല്‍മീഡിയയില്‍ ചൂടുപിടിക്കുന്നത്.  തിരുവനന്തപുരത്ത് നടന്ന ടെഡ്എക്സില്‍ സംസാരിക്കുകയായിരുന്നു റിമ.  പുലിമുരുകന്‍ ഉള്‍പ്പടെ മലാളത്തിറങ്ങിയ സിനിമകളെയും കുടുംബാംഗങ്ങളില്‍ നിന്നു പോലും നേരിട്ടിട്ടുള്ള ആണ്‍ പെണ്‍ വിവേചനത്തെയും തുറന്നു പറയുന്നതായിരുന്നു ഈ പ്രസംഗം.  ഈ വിഷയത്തിൽ റിമയ്ക്ക്  നേരെ സൈബര്‍ ആക്രമണവും തുടങ്ങിയിരിക്കുകയാണ്. റിമയ്ക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കർ.

ഹിമ ശങ്കറിന്റെ പോസ്റ്റ് വായിക്കാം:

മിക്കവാറും എല്ലാ പെൺകുട്ടികൾക്കുമുണ്ടാകും , അസമത്വത്തിന്റെ, മാറ്റി നിർത്തലുകളുടെ പല തരം കഥകൾ പറയാൻ .. ഇപ്പോ പറയുമ്പോ ഈസിയായിട്ടു പറയാമെങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോൾ അതെത്ര വലുതായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ ... ഏറ്റവും കൂടുതൽ അടികൾ കൊണ്ട് കാല് പൊളിഞ്ഞിട്ടുള്ളത് വികൃതി കാട്ടിയതിനല്ല .. തിരിച്ച് ചോദ്യങ്ങൾ ചോദിച്ചതിന് , പെൺകുട്ടിയായത് കൊണ്ട് ചുണ്ടെടുക്കരുത് , ഉറക്കെ സംസാരിക്കരുത് , കാലിൻമേൽ കാൽ വച്ച് ഇരിക്കരുത് , അതിഥികൾ വന്നാൽ അവരുടെ കൂടെ ഇരിക്കരുത് ... അങ്ങനെ അങ്ങനെ .. ഞാൻ പെൺകുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടർ പോയിന്റ് ...

ചേട്ടൻമാരെ ഇതൊക്കെ കേൾക്കുമ്പോ നിങ്ങൾക്ക് , ഫെമിനിച്ചിയെന്നും , വറുത്ത മീൻ കാര്യം എന്നൊക്കെ പറഞ്ഞ് കളിയാക്കാം .പക്ഷേ എവിടെയെങ്കിലും നിങ്ങൾക്കും പറയാനുണ്ടാകും .. ഇത്തരം ജെൻഡർ ബേസ്ഡ് അല്ലാത്ത ഏതെങ്കിലും മാറ്റി നിർത്തലിന്റെ വേദന കഥ. പക്ഷേ നിങ്ങളുടെ ഈഗോ മാറ്റി വെച്ചാൽ എത്രയോ കാര്യങ്ങൾ നല്ലത് ഇവിടെ സംഭവിക്കും ഇവിടെ.. അറിയാമോ ...

ഇനി പെണ്ണുങ്ങളേ , നിങ്ങളുടെ പുരുഷൻമാരേക്കാൾ വലിയ ശത്രുക്കൾ സ്വയം ബോധമില്ലാത്ത , അടിമ മനസ്സുള്ള , സ്വന്തം അവസ്ഥകളെ , ആഗ്രഹങ്ങളെ മറന്ന് ജീവിക്കുന്ന , അതിന്റെ ഫ്രസ്ട്രേഷൻ സ്വന്തം മക്കളുടെ / സ്ത്രീകളുടെ അടുത്ത് കാണിക്കുന്ന അമ്മമാരായ / പുരുഷനെ ഇംപ്രസ് ചെയ്യുന്നതാണ് ജീവിതം എന്ന് വിചാരിച്ച് ജീവിക്കുന്ന സ്ത്രീകളാണ് .. ഈ അമ്മമാർ + അച്ഛൻമാർ നന്നായി വളർത്തിയിരുന്നെങ്കിൽ സഹജീവികളെ അംഗീകരിക്കാൻ എന്നേ എല്ലാരും പഠിച്ചേനേ. അനുഭാവപൂർവ്വം കാണണം ഇത്തരം പുരുഷൻമാരെ , Spoiled Kids .. സ്ത്രീകളേ നിങ്ങൾക്കേ അത് പറ്റൂ ..

ഇതുവരെയുള്ള കാലത്തിന്റെ തിരുശേഷിപ്പുകൾ ശരീരത്തിലും , മനസിലും , സമൂഹത്തിലും പേറേണ്ട ആവശ്യമൊന്നുമില്ല . മാറേണ്ടവർക്ക് ഇന്ന് മാറാം .. അല്ലെങ്കിൽ സ്വസ്ഥതയില്ലാത്ത , തമ്മിൽ വിശ്വാസമില്ലാത്ത , കടിപിടികൂടുന്ന സമൂഹത്തിലേക്ക് ഇനിയും വളരാം .. എല്ലാം നിങ്ങടെ ചോയ്സ്.

വാല് : ആണേ , പെണ്ണേ നിങ്ങൾ ഈഗോ സ്നേഹിച്ചിരുന്നെങ്കിൽ , ശരീരത്തെ കാണാതെ , മനസിനേയും ആത്മാവിനേയും അറിഞ്ഞിരുന്നെങ്കിൽ ഇവിടെ നടക്കുന്ന വലിയ വിവാദങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ ആണ് എന്ന് എന്നേ മനസിലായേനെ .. ഒരുപക്ഷേ അവനവനെ എങ്കിലും അറിയാൻ ശ്രമിക്കൂ .. (എപ്പോഴും പറയും ഇത് .. എന്നും പറയും .. വിരസമാകുന്നവർ വായിക്കണ്ട )