Thursday 11 January 2018 11:52 AM IST : By സ്വന്തം ലേഖകൻ

‘ഇന്ദിരാഗാന്ധി’ ആകാന്‍ ഒരുങ്ങി വിദ്യാബാലന്‍; പകര്‍പ്പവകാശം സ്വന്തമാക്കി താരം

indira_vidya

വെള്ളിത്തിരയിൽ ഇന്ദിരയെ അവതരിപ്പിക്കാനൊരുങ്ങി വിദ്യാ ബാലൻ. മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സാഗരികാ ഘോഷ് രചിച്ച  ‘ഇന്ദിര, ദി മോസ്റ്റ് പവർഫുൾ പിഎം’  എന്ന ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രം സിനിമായാകുന്ന കഥയാകും  സിനിമയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യയും ഭർത്താവ് സിദ്ധാർഥ് റോയ് കപൂറും ചേർന്ന് സാഗരികയുടെ പുസ്തകത്തിന്റെ സിനിമാ അവകാശം വാങ്ങിയതായുള്ള വാർത്ത എഴുത്തുകാരി തന്നെയാണ് പുറത്ത് വിട്ടത്.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സാഗരിക സന്തോഷ വാർത്ത പങ്ക് വച്ചത്. ‘എന്റെ  ‘ഇന്ദിര, ദി മോസ്റ്റ് പവർഫുൾ പിഎം’  എന്ന പുസ്തകത്തിന്റെ പകര്‍പ്പവകാശം വിദ്യബാലനുമായും റോയ്കപൂര്‍ ഫിലിംസുമായും ഒപ്പുവച്ചു. അതിയായ സന്തോഷമുണ്ട്, ഇന്ദിരയെ സിനിമാസ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു’ എന്നായിരുന്നു സാഗരികാ ഘോഷിന്റെ ട്വീറ്റ്.   

അടുത്തിടെ അഭിമുഖത്തിൽ തനിക്ക് ഇന്ദിരാ ഗാന്ധിയുടെ വേഷം ചെയ്യാൻ താൽപര്യമുണ്ടെന്ന് വിദ്യയും പറഞ്ഞിരുന്നു. “മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രമുൾപ്പടെ പലരും ഇന്ദിരാ ഗാന്ധിയായ് വേഷമിടാൻ സമീപിച്ചിരുന്നു. എന്നാൽ എല്ലാം മുടങ്ങി. ഇന്ത്യയിലെ ഏറ്റവും ശക്തരായ സ്ത്രീകളെ ഓർക്കുമ്പോൾ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ മുഖമാണ് ആദ്യം ഓർമയിൽ വരിക. അവരെ സ്ക്രീനിൽ അവതരിപ്പിക്കുക എന്നത് എന്റെ വലിയ ആഗ്രഹമാണ്. ” എന്നായിരുന്നു അന്ന് വിദ്യ പറഞ്ഞത്.

എന്നാല്‍ പ്രിയങ്ക ചോപ്ര ഇന്ദിരഗാന്ധിയാകാന്‍ ഒരുങ്ങുന്നതായും അടുത്തിടെ വരെ ബോളിവുഡ് ന്യൂസ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ഏതായാലും എഴുത്തുകാരി തന്നെ കാര്യം സ്ഥിരീകരിച്ചതിനാലാണ് വിദ്യയായിരിക്കും വെള്ളിത്തിരയിലെ അടുത്ത ഇന്ദിര എന്നതാണ് വാര്‍ത്ത. ദീപാ മേത്തയുടെ ‘ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്’ , 2015 ൽ പുറത്തിറങ്ങിയ ‘മാൻജി, ദി മൗണ്ടൻമാൻ’ എന്നീ ചിത്രങ്ങളിലാണ് ഇന്ദിരാ ഗാന്ധി ഇതിനു മുൻപ് ഒരു കഥാപാത്രമായി എത്തിയിട്ടുള്ളത്.

സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘ഡേർട്ടി പിക്ചറിൽ’ സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് വിദ്യയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. കമലിന്റെ ആമിയിലൂടെ കമല സുരയ്യ ആകാന്‍ വിദ്യ ആദ്യം നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും മാറുകയായിരുന്നു.