Friday 12 January 2018 12:15 PM IST : By സ്വന്തം ലേഖകൻ

ഇതാണ് പഞ്ചവര്‍ണതത്തയിലെ ജയറാം; പുതിയ സസ്പെന്‍സുകള്‍ പുറത്തുവിട്ട് പിഷാരടി

jayaram

സൂപ്പർ കോമഡി താരമായ പിഷാരടിയുടെ സംവിധാനത്തിലുള്ള ആദ്യ സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷക ലോകം. കാരണം അത്രയേറെ പ്രത്യേകതകളുമായിട്ടാണ് പിഷാരടി തന്റെ ആദ്യ സിനിമയെ അവതരിപ്പിച്ചിരിക്കുന്നതും. ജയറാമും കുഞ്ചാക്കോബോബനും നായകന്മാരായി എത്തുന്ന ചിത്രം കഴിഞ്ഞ ദിവസം ഷൂട്ടിങ് തുടങ്ങിയിരിക്കുകയാണ്. ജയറാമിനെ മൊട്ടതലയനും കുടവയറനുമായിട്ടാണ് ചിത്രത്തിൽ കാണാൻ കഴിയുക. സിനിമയ്ക്കായി ജയറാം തല മൊട്ടയടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. ഇതാ ചിത്രത്തിലെ ജയറാമിന്റെ ഗെറ്റപ്പും പുറത്തുവിട്ടിരിക്കുകയാണ് പിഷാരടി.

'പഞ്ചവര്‍ണ്ണതത്ത' എന്ന ചിത്രത്തിന് വേണ്ടി ജയറാമേട്ടന്‍ മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ പാര്‍വ്വതിചേച്ചി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതെന്ന് പറഞ്ഞാണ് താരം കഴിഞ്ഞ ദിവസം ജയറാമിന്റെ വീഡിയോ പുറത്ത് വിട്ടത്. ഇപ്പോൾ പഞ്ചവർണതത്തയിലെ ജയറാം എന്നു പറഞ്ഞ് ഒരു കുതിരയുമായി നിൽക്കുന്ന മൊട്ടയടിച്ച താരത്തിന്റെ ചിത്രമാണ് പിഷാരടി പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും ജയറാമിനുമൊപ്പം മണിയന്‍പിള്ള രാജു, അനുശ്രീ, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ സിനിമ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.