Monday 29 April 2019 12:59 PM IST : By സ്വന്തം ലേഖകൻ

ഈ വെള്ളിയാഴ്ച അവന്‍റെ സ്വപ്നം പൂവണിയുന്ന ദിവസമാണ്: ജൂഡ് ആന്റണി ജോസഫ്

jude-arun09

ദിലീപ് ചിത്രം ’രാമലീല’യുടെ റിലീസ് ഈ മാസം 28 നാണ്. ദിലീപിൻറെ ജയിൽ ജീവിതം നീളുന്നതിനിടയ്‌ക്കാണ് ഏറ്റവുമൊടുവിൽ സിനിമ റിലീസ് ചെയ്യാൻ തീരുമാനിക്കുന്നത്. തൊട്ടുപുറകേ സിനിമയ്‌ക്കെതിരെ നിരവധിപേർ രംഗത്തെത്തി. ’രാമലീല’ ബഹിഷ്കരിക്കണമെന്നും, സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കണമെന്നു വരെ പലരും ഭീഷണി മുഴക്കി. അതേസമയം മഞ്ജു വാരിയർ, മുരളി ഗോപി ഉൾപ്പെടെയുള്ള പ്രമുഖർ സിനിമയ്‌ക്ക് പിന്തുണയുമായി രംഗത്തുവന്നു. അടുത്ത ദിവസം സംവിധായകൻ ജൂഡ് ആന്റണി ജോസഫും സിനിമയെ അനുകൂലിച്ചു രംഗത്തുവന്നു. നവാഗത സംവിധായകൻ അരുൺ ഗോപിയെക്കുറിച്ചാണ് ജൂഡിന്റെ ഫെയ്സ്ബുക് പോസ്റ്റ്.

ജൂഡിന്റെ കുറിപ്പ് വായിക്കാം;

ഞാന്‍ ആദ്യം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയി ചെയ്ത സിനിമ ദീപുവേട്ടന്‍ ചെയ്ത ക്രേസി ഗോപാലന്‍ ആണ്. ആ പടം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ മികച്ച ഒരു അസ്സോസിയെറ്റ് ഡയറക്ടര്‍ ജോയിന്‍ ചെയ്തു. എന്നേക്കാള്‍ ഇളയതും എന്നാല്‍ രൂപത്തില്‍ ഒരു പാട് വലുതും ആയ ഒരു മനുഷ്യന്‍. കുറച്ചു ദിവസത്തിനുള്ളില്‍ ആ സുഹൃത്ത്‌ എന്‍റെ ചങ്ക് ബ്രോ ആയി മാറി. ഒരുപാട് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. ഒരുപാട് പാഠങ്ങള്‍ പറഞ്ഞു തന്നു. ആദ്യ സിനിമയിലേക്കുള്ള എന്‍റെ യാത്രയില്‍ അവന്‍ സന്തോഷിച്ചു. അനുമോദിച്ചു. അവന് വേണമെങ്കില്‍ ചവറു പോലെ സിനിമകള്‍ എടുക്കാനുള്ള അവസരങ്ങള്‍ വന്നിരുന്നു. എന്നിട്ടും നല്ല സിനിമക്കായി അവന്‍ കാത്തിരുന്നു. ഈ വരുന്ന വെള്ളിയാഴ്ച അവന്‍റെ ആദ്യ സിനിമ 'രാമലീല' പുറത്തിറങ്ങുകയാണ്‌. അവന്‍റെ സ്വപ്നം പൂവണിയുന്ന ദിവസം. All the best aliya. Arun Gopy. :) So happy for u. God bless :)