Friday 29 March 2019 02:07 PM IST : By സി.കെ.അജയ്കുമാർ

സൂര്യ ഇല്ലെങ്കിൽ ഞാനില്ല! ഏതു സ്ത്രീക്കും അവരുടെ ഭർത്താവാണ് ബലം: ജ്യോതിക

jyothika1

ഗ്ലാമറിനും പണത്തിനും പുറകെ പോകുന്ന തമിഴ് സംവിധായകർക്കെതിരെ നടി ജ്യോതിക.'ഇന്ന് സിനിമയിൽ നടിമാരെ നായകന്മാർക്കൊപ്പം നൃത്തം ചെയ്യാനും ഗ്ലാമർ പ്രദർശിപ്പിക്കാനും ദ്വയാർത്ഥ സംഭാഷണങ്ങൾ പറഞ്ഞു കളിയാക്കാനുള്ള കേവല വസ്തുവായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇത് ഖേദകരമാണ്. ഇന്ന് നായികമാർ സിനിമയിൽ വെറും കാഴ്ച വസ്തുക്കളായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ഒരു നായകന് ഒരു സിനിമയിൽ എന്തിനാണ് രണ്ടും മൂന്നും നാലുമൊക്കെ നായികമാർ, ഒരാൾ പോരെ. സിനിമയിൽ നടിമാർ അണിയുന്ന വസ്ത്രം അവരുടെ മാനറിസങ്ങൾ, ഇതൊക്കെ യുവ തലമുറ അനുകരിക്കുന്നു. നമ്മൾ സിനിമാക്കാർക്ക് സമൂഹത്തോടുള്ള ഉത്തവാദിത്വത്തെ നമ്മൾ വിസ്മരിക്കരുത്. ദയവായി സ്ത്രീകളെ സിനിമയിൽ ലഹരി വസ്തുവായി ചിത്രീകരിക്കരുത്. പ്ലീസ്. ഞാൻ സംവിധായകരോട് അഭ്യർത്ഥിക്കുന്നു " തന്നെ നായികയാക്കി ഭർത്താവ് സൂര്യ നിർമ്മിച്ച "മകളീർ മട്ടും" എന്ന സിനിമയുടെ ഓഡിയോ റിലീസ് നടന്ന പൊതുവേദിയിൽ വെച്ചാണ് ഏറെ വൈകാരികതയോടെ ജ്യോതിക മനസ്സ് തുറന്നത്.

"ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. ഈ പത്തു വർഷത്തിനിടെ ഒരേയൊരു ദോശ മാത്രമെ എന്റെ പുരുഷന് ഞാൻ നൽകിയിട്ടൊള്ളൂ. വിവാഹം കഴിഞ്ഞ അടുത്ത ദിവസമാണ് ഞാൻ ദോശ ഉണ്ടാക്കിയത്. അതിന് ശേഷം അമ്മ പറഞ്ഞു, ‘മോള് ഇനി ദോശ ഉണ്ടാക്കണ്ടെന്ന്’. പിന്നീട് ഒരു കോഫി ഉണ്ടാക്കി തരട്ടെ, എന്നു സൂര്യയുടെ അടുത്തുചെന്ന് പറഞ്ഞാൽ അദ്ദേഹം ഓടിക്കളയും. ഇനി ഇതുകൊണ്ടാണോ അദ്ദേഹം എന്നെ അഭിനയത്തിലേക്ക് വിട്ടതെന്നും അറിയില്ല. എന്നാൽ സൂര്യ ഇല്ലാതെ ഞാൻ ഇല്ല. ഏതു സ്ത്രീക്കും അവരുടെ ഭർത്താവാണ് ബലം. ഞാൻ എപ്പോഴൊക്കെ പുറത്തുപോകാൻ തുടങ്ങിയാലും എന്റെ കാറിന്റെ അരികിൽ വരും. എന്നെ യാത്രയയച്ച ശേഷമേ ഷൂട്ടിങ് ഉണ്ടെങ്കിൽ പോലും സൂര്യ യാത്രയാകൂ."–ജ്യോതിക പറഞ്ഞു.

വിവാഹാനന്തര ഇടവേളക്ക് ശേഷം താൻ അഭിനയിച്ച '36 വയതിനിലേ' പോലെ 'മകളീർമട്ടും'സ്ത്രീ സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. തനിക്ക് പ്രചോദനവും പ്രോത്സാഹനവും നൽകി ഈ സിനിമകൾ നിർമ്മിക്കാൻ തയ്യാറായ സൂര്യയോടും ജ്യോതിക പ്രത്യേകം നന്ദി പറഞ്ഞു. 'കുറ്റ്റംകടിതൽ' എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകനായി ദേശീയ പുരസ്കാരം നേടിയ ബ്രന്മ ജോതികയെ നായികയാക്കി അണിയിച്ചൊരുക്കിയ ഈ സിനിമയിൽ ഉർവ്വശി, ഭാനുപ്രിയ, ശരണ്യ ,നാസർ, ലിവിങ്സ്റ്റൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും ശ്രദ്ധേയമായിരിക്കും. നടൻ കാർത്തി ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നതാണ് 'മകളീർമട്ടു'ന്റെ മറ്റൊരു ആകർഷണ ഘടകം. ജിബ്രാനാണ് സംഗീതം സംവിധാനം നിർവഹിച്ചിട്ടുള്ളത്.

കൂടുതൽ സിനിമാ വാർത്തകൾ അറിയാം