Saturday 13 January 2018 02:59 PM IST : By സ്വന്തം ലേഖകൻ

വിദ്യ ആയിരുന്നെങ്കില്‍ ആമി ഇങ്ങനെ ആയിരിക്കില്ല; കമല്‍ പറയുന്നു

manju_vidya

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയത് പ്രേക്ഷകര്‍ ഏറെ ചര്‍ച്ചയാക്കിയിരുന്നു. ചിത്രീകരണം  നടക്കുന്ന സിനിമയിലെ ആമി എന്ന കഥാപാത്രത്തെക്കുറിച്ചു പുതിയ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ കമല്‍. വിദ്യ ബാലനായിരുന്നു ആമിയിലെ മാധവിക്കുട്ടിയെങ്കില്‍  കഥാഗതിയിലും കഥാപാത്രത്തിലും വലിയ മാറ്റങ്ങള്‍ കടന്നുവരുമായിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ ഈ വെളിപ്പെടുത്തല്‍.

കമലിന്റെ വാക്കുകള്‍:

ആദ്യം തന്നെ പറയട്ടെ വിദ്യാബാലന്‍ നിരസിച്ചതല്ല. പിന്‍മാറിയതാണ്. അത് കഥാപാത്രമോ കഥയോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല. പകരം ചില ബാഹ്യ പ്രേരണകളാണ് അതിന് കാരണം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്.

പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്.