Friday 14 June 2019 04:32 PM IST : By സ്വന്തം ലേഖകൻ

’കായംകുളം കൊച്ചുണ്ണി’യിൽ നിന്ന് അമലയെ മാറ്റിയതാണോ? ഇതാണ് സത്യം

amala-kochunni1

ഞാൻ പണിയില്ലാതെ വീട്ടിലിരിക്കുവല്ല. – പറയുന്നത് സാക്ഷാൽ അമല പോൾ. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ’കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിൽ നിന്ന് തന്നെ നീക്കിയതായി പ്രചരിക്കുന്ന വാർത്തകളോട് ട്വിറ്ററിലൂടെ അമല പ്രതികരിച്ചത് ഇങ്ങനെ. ചിത്രത്തിലെ നായികയായി അമല പോളിനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പെട്ടെന്നാണ് അമല പോളിന് പകരം ’എസ്ര’യിലൂടെ മലയാളത്തിലേക്കെത്തിയ പ്രിയ ആനന്ദിനെ നായികയാക്കിയത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അമലയെ നായിക സ്ഥാനത്തുനിന്നും മാറ്റിയത്. ഇതിനുപിന്നാലെ അമലയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു. തുടർന്നാണ് കായംകുളം കൊച്ചുണ്ണിയിൽനിന്നും തന്നെ മാറ്റിയതല്ലെന്നും മറ്റു ചില സിനിമകളുടെ ഷൂട്ടിങ് തിരക്കുകൾ മൂലം സ്വയം താൻ ചിത്രത്തിൽനിന്നും പിന്മാറിയതെന്നുമാണ് അമല പോൾ വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോൾ അമല പോൾ. ഈ വർഷം അമലയുടെ രണ്ടു ചിത്രങ്ങളാണ് തമിഴിൽ പുറത്തിറങ്ങിയത്. ’ഭാസ്കർ ഒരു റാസ്കൽ’ എന്ന ചിത്രത്തിലാണ് അമല ഇപ്പോൾ അഭിനയിക്കുന്നത്. മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്. മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അരവിന്ദ് സ്വാമിയാണ് ചെയ്യുന്നത്.