Thursday 18 January 2018 10:57 AM IST : By സ്വന്തം ലേഖകൻ

വ്യാജന്മാര്‍ ദയവുചെയ്ത് ഒരു മാസമെങ്കിലും കാത്തിരിക്കണം; മമ്മൂട്ടി പറയുന്നു

mammootty

ജനുവരി 26 ന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ്  ‘സ്ട്രീറ്റ് ലൈറ്റ്‌സ്’. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്. ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇറങ്ങുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ വ്യാജ വെബ്സൈറ്റുകളില്‍ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ സ്ട്രീറ്റ് ലൈറ്റ്‌സിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ ഒരു മാസം കാത്തിരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ തിയേറ്ററില്‍ പോയി കാണേണ്ടവര്‍ കണ്ടോട്ടെ സിനിമ എല്ലാ തരത്തിലും നന്നാവണമെങ്കില്‍ പ്രേക്ഷകര്‍ കൂടി ശ്രമിക്കണമെന്ന് താരം വ്യക്തമാക്കി. ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകനായി ഷാംദത്ത് എത്തുന്ന കന്നിച്ചിത്രത്തില്‍  മമ്മൂട്ടി തന്നെ നായകനാകണമെന്നതായിരുന്നു ഷാംദത്തിന്റെ ആഗ്രഹം. വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് ഷാംദത്തായിരുന്നു. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു. സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ട്രെയിലര്‍  കാണാം.



സ്ട്രീറ്റ് ലൈറ്റ്‌സ് നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടിയുടെ നിര്‍മാണ കമ്പനി തന്നെയാണ്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ത്രില്ലിംഗ് ചിത്രങ്ങളില്‍ ഒന്നാണിത്.  ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. ഈ സിനിമയില്‍ മമ്മൂട്ടിക്ക് ഒരു നായിക ഇല്ല എന്നതും പ്രത്യേകതയാണ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്.