Friday 31 May 2019 02:28 PM IST : By സ്വന്തം ലേഖകൻ

ഹോ.. എന്താ മമ്മൂക്കയുടെ ലുക്ക്.. എന്താ സ്റ്റൈൽ! ’മാസ്റ്റർ പീസ്’ കിടിലൻ ടീസർ കാണാം

mammotty-masterpiece1

ഹോ.. എന്താ ലുക്ക്.. എന്താ സ്റ്റൈൽ..!! ’മാസ്റ്റർ പീസി’ലെ മമ്മൂക്കയെ കണ്ടാൽ ആരും ഇങ്ങനെ ചോദിച്ചു പോകും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ വിഡിയോ പുറത്തിറങ്ങിയത്. ടീസറിന്റെ പ്രധാന ആകർഷണവും മമ്മൂക്ക തന്നെ. ഒറ്റദിവസം കൊണ്ട് ഏഴു ലക്ഷത്തോളം പേരാണ് യൂട്യൂബിൽ വിഡിയോ കണ്ടത്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തും.

റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്. മുഹമ്മദ് വടകര നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവനാണ്. ’പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ’മാസ്റ്റർ പീസ്’. മമ്മൂട്ടിയുടെ അടിപൊളി ക്യാംപസ് അധ്യപക വേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന സിനിമ ക്രിസ്മസ് സീസണിലെ വമ്പൻ റിലീസുകളിലൊന്നായിരിക്കും.

ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി കോളജ് പ്രൊഫസറായി എത്തുന്നു എന്നതാണ് ’മാസ്റ്റർ പീസി’ന്റെ പ്രത്യേകത. മുൻപ് ’മഴയെത്തും മുമ്പെ’ എന്ന സിനിമയിൽ സുന്ദരനായ കോളജ് പ്രൊഫസറായി മമ്മൂട്ടി തിളങ്ങിയിരുന്നു. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എഡ്ഡി എന്ന ചുരുക്കപ്പേരിലാണ് എഡ്വേർഡ് അറിയപ്പെടുന്നത്. ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്ഡി. മാത്രമല്ല ക്യാംപസിലെ പൂർവ്വ വിദ്യാർഥിയും.

എഡ്ഡിയെ ക്യാംപസിലേക്ക് പ്രിൻസിപ്പൽ പ്രത്യേക താത്പര്യാർഥം ക്ഷണിച്ച് വരുത്തുന്നതാണ്. കാരണം ക്യാംപസിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രിൻസിപ്പലിന് അത്ര സമാധാനം നൽകുന്നതല്ല. ചേരി തിരിഞ്ഞ് സകല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന കോളജ് പയ്യൻമാർ പ്രിസൻസിപ്പലിന് തലവേദന തന്നെയാണ്. ഇവരെ ഒതുക്കണമെങ്കിൽ അവരേക്കാൾ വലിയൊരു റിബൽ ക്യാംപസിലേക്ക് എത്തണം. അതിനുള്ള പ്രിൻസിപ്പലിന്റെ ചോയ്സാണ് എഡ്ഡി. ന്യൂജനറേഷന്റെ സകല ജാഡകളും തകർത്തുകൊണ്ടാണ് പ്രൊഫസർ എഡ്ഡിയുടെ ക്യാംപസിലേക്കുള്ള മാസ് എൻട്രി. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് സിനിമയിൽ.

വമ്പൻ താരനിരയെയാണ് ചിത്രം അണിനിരത്തുന്നത്. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, ഉണ്ണി മുകുന്ദൻ, മക്ബൂൽ സൽമാൻ, കൈലാഷ്, വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്വ, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവർ ചിത്രത്തിലെത്തുന്നു. ക്യാംപസ് പശ്ചാത്തലമാക്കുന്ന ചിത്രത്തിന് നുറിലധികം ദിവസങ്ങളാണ് ചിത്രീകരണമുണ്ടായിരുന്നത്.

മമ്മൂട്ടി പങ്കെടുക്കുന്ന സംഘട്ടന രംഗങ്ങൾ അഞ്ച് ആക്ഷൻ കൊറിയാഗ്രാഫർമാരാണ് ചിത്രീകരിച്ചത്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ. മികച്ച സാങ്കേതികത്തികവിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം കളക്ഷനിൽ പുത്തൻ റിക്കോർഡുകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. കിടിലൻ ടീസർ കാണാം;