Thursday 11 January 2018 05:48 PM IST : By സ്വന്തം ലേഖകൻ

എ ഗ്രേഡുമായി ചന്ദന മടങ്ങുമ്പോള്‍ സന്തോഷിക്കുന്ന ഒരാള്‍ കൂടി ഉണ്ട്; മഞ്ജു വാരിയര്‍

manju_chandana

സാമ്പത്തിക പ്രതിസന്ധിയിൽ തളർന്നുപോയ മനസ്സിനും കാലുകൾക്കും പ്രതീക്ഷയുടെ ചിലങ്കയുമായി മഞ്ജുവാരിയർ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇത്തവണ കലോത്സവ വേദിയിലെ കരഘോഷങ്ങൾ ഏറ്റുവാങ്ങുവാൻ ചന്ദന എന്ന നർത്തകി മത്സരിക്കില്ലായിരുന്നു. വേദിയില്‍ മത്സരം നടക്കുമ്പോള്‍ കാണികളിലൊരാളായി ചന്ദനയുടെ അമ്മ സിന്ധു സദസ്സിലുണ്ടായിരുന്നു, അമ്മയെ പോലെ തന്റെ മകളെ ചേർത്തു നിർത്തിയ മഞ്ജുവിന്റെ നന്മ മനസ്സിനെ ഓർത്ത്. നാടോടി നൃത്ത മത്സരത്തില്‍ പങ്കെടുക്കുന്ന ചന്ദനയേക്കാള്‍ ടെന്‍ഷനും സമ്മര്‍ദ്ദവും സദസ്സിലുണ്ടായിരുന്ന ആ അമ്മയുടെ മുഖത്താണുണ്ടായത്. എന്നാല്‍ മത്സരഫലം പുറത്തുവന്നപ്പോള്‍ ചന്ദനയ്ക്ക് എ ഗ്രേഡ്.  അമ്മയ്ക്കും അച്ഛനും ഗുരുക്കന്മാര്‍ക്കും പുറമേ ചന്ദനയുടെ വിജയത്തില്‍ സന്തോഷിക്കുന്ന ഒരാള്‍ കൂടി ഉണ്ട്, മഞ്ജുവാരിയർ.  

കഴിഞ്ഞ നാല് വര്‍ഷമായി ചന്ദനയുടെ നൃത്ത പഠനം സ്‌പോണ്‍സര്‍ ചെയ്യുന്ന നടി മഞ്ജു വാരിയരാണ്. കലോത്സവവേദികളില്‍ താരമായി തിളങ്ങിയ മഞ്ജുവിന്റെ ആശീര്‍വാദവും ആശംസകളും വാങ്ങിയ ചന്ദനയ്ക്ക് ഈ എ ഗ്രേഡില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് തിരിച്ചുനല്‍കാനാവുക. കോഴിക്കോട് കലോത്സവ കാലത്താണ് ചന്ദനയടക്കം 12 വിദ്യാര്‍ഥികളുടെ നൃത്തപഠനം നടി മഞ്ജു വാര്യര്‍ ഏറ്റെടുത്തത്.

ഈ നാല് വര്‍ഷവും ഇവര്‍ക്ക് മഞ്ജുവിന്റെ ആശംസകളും അനുഗ്രഹവും ഫോണ്‍കോളുകളുടേയും സന്ദേശത്തിന്റേയും സാമ്പത്തിക സഹായത്തിന്റേയും രൂപത്തില്‍ മുടങ്ങാതെയെത്തി. ഇത്തവണ തൃശൂർ നടക്കുന്ന  കലോത്സവത്തിനും പതിവ് തെറ്റിയില്ല. മത്സരത്തിന് ഒരു ദിവസത്തിന് മുന്‍പേ പോലും മഞ്ജു വിളിച്ചു, വിവരങ്ങള്‍ ചോദിച്ചു, ആശംസയറിയിച്ചു. തെറ്റിച്ചാല്‍ പിണങ്ങുമെന്ന സ്‌നേഹശാസനയും നല്‍കി. അവൾ വാക്കുപാലിച്ചു. ഗുരുദക്ഷിണയോ സ്നേഹ സമ്മാനമോ മഞ്ജു ചേച്ചിക്കുള്ളതാണ് ഈ സമ്മാനമെന്ന് ചന്ദന പറയുന്നു.