Wednesday 20 March 2019 05:12 PM IST : By സ്വന്തം ലേഖകൻ

’ഒടിയ’നിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ വിഡിയോ പങ്കുവച്ച് മോഹൻലാൽ

lal-odiyan

മോഹൻലാൽ ഫാൻസ്‌ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന വിഡിയോ ഫെയ്‌സ്ബുക്കിലൂടെ താരം  പങ്കുവച്ചു. പാട്ടില്ലെങ്കിൽ തന്റെ പല കഥാപാത്രങ്ങളും അപൂർണമായേനെ എന്നാണ് മോഹന്‍ലാൽ കുറിപ്പിൽ പറയുന്നത്.

’ഒടിയനി’ലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ വീഡിയോ ഒരുപാട് സന്തോഷത്തോടെ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുന്നു. ഇത് മനോഹരമായ നാലുപാട്ടുകളുടെ പിറവിയാണ്. നല്ല പാട്ടുകൾ നിറഞ്ഞ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് പിന്നിൽ അദൃശ്യമായി, എന്നാൽ കേട്ട് അനുഭവിക്കാനാകും വിധം തണുപ്പോടെ അവ നിറഞ്ഞു. പാട്ടുകളില്ലെങ്കിൽ അപൂർണമായിപ്പോയേനെ എന്റെ പല കഥാപാത്രങ്ങളുടെയും വികാരങ്ങൾ. ഓർമകളുടെ ഗ്രാമഫോണിൽനിന്ന് ഇന്നും പരന്നൊഴുകിക്കൊണ്ടേയിരിക്കുന്ന അത്തരം ഗാനങ്ങളുടെ നിരയിലേക്കാണ് 'ഒടിയനി'ലെ പാട്ടുകളും കടന്നുവരുന്നത്. റഫീഖ് അഹമ്മദും ലക്ഷ്മി ശ്രീകുമാറുമാണ് വരികളെഴുതിയത്. സംഗീതം എം. ജയചന്ദ്രൻ. വരിക ഈ ഈണങ്ങളിലൂടെ 'ഒടിയനി'ലേക്ക്...- മോഹൻലാൽ പറയുന്നു.

മാജിക്കൽ റിയലിസമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒട്ടേറെ പുതുമകളോടെയായിരിക്കും തിയറ്ററുകളിലെത്തുക. 1950 നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയിൽ ചിത്രീകരിക്കുക.