Thursday 11 April 2019 04:43 PM IST : By സ്വന്തം ലേഖകൻ

രണ്ടാമൂഴം നോവലില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സിനിമയില്‍ ഉണ്ടാകില്ല; ചിലരുടെ നിര്‍ദേശങ്ങള്‍ നിഷ്‌ക്കരുണം തള്ളിയിട്ടുണ്ട്: എംടി

mt-randamoozham

ആയിരം കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ’രണ്ടാമൂഴ’ത്തില്‍ വെട്ടിമാറ്റലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവൻ നായർ. മലയാള മനോരമ വാര്‍ഷികപതിപ്പിനുവേണ്ടി എസ് ജയചന്ദ്രന്‍ നായര്‍ തയ്യാറാക്കിയ അഭിമുഖത്തിലാണ് എംടി ഇങ്ങനെ പറഞ്ഞത്.

തന്റെ നിലപാട് ഉറച്ചതാണെന്നും, ഇതുമൂലം ചിലരുടെ നിര്‍ദേശങ്ങള്‍ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതായും എംടി വാസുദേവൻ നായർ വെളിപ്പെടുത്തി. കഥാപാത്രങ്ങളുടെ കുട്ടിക്കാലം ഒഴിവാക്കണമെന്നൊക്കെയുളള നിര്‍ദേശങ്ങളുണ്ടായെങ്കിലും താന്‍ അതൊന്നും അനുസരിച്ചില്ലെന്ന് എംടി വ്യക്തമാക്കുന്നു.

എംടി തയ്യാറാക്കുന്ന തിരക്കഥയിൽ, രണ്ടാമൂഴം നോവലില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സിനിമയില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. ഏഴ് മാസമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അഞ്ച് മണിക്കൂര്‍ ഇരുപത് മിനിറ്റുളള സ്‌ക്രിപ്റ്റാണ് തയാറാക്കിയിട്ടുളളത്. രണ്ടര മണിക്കൂര്‍ വീതമുളള രണ്ട് ഭാഗങ്ങളിലായാണ് സിനിമ ഇറങ്ങുക.

’രണ്ടാമൂഴം’ സിനിമയാകുമ്പോൾ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് സൂപ്പർതാരം മോഹന്‍ലാലാണ്. വി.എ. ശ്രീകുമാറിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ ചലച്ചിത്രലോകത്തെ സൂപ്പർതാരങ്ങളുടെ ഒരു നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി അഞ്ച് ഭാഷകളില്‍ സിനിമ തിയ്യറ്ററുകളിൽ എത്തും. ഇംഗ്ലീഷ് പതിപ്പിന് വേണ്ടിയുളള പരിഭാഷയുടെ ആദ്യഘട്ടവും എംടി തന്നെയാണ് തയ്യാറാക്കി നല്‍കിയത്. ആദ്യ ഭാഗം പുറത്തിറങ്ങി നൂറ് ദിവസം പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഭാഗവും പുറത്തിറക്കാനാണ് പദ്ധതി.