Thursday 11 April 2019 03:23 PM IST : By റിയ ജോയ്

ആദ്യം ട്രാക്ക് പാടി, പിന്നെ ഗായികയായി! ഇപ്പോൾ തമിഴകത്തേക്ക് പറന്നുയർന്ന് നേഹ വേണുഗോപാൽ

neha-venugopal

മലയാളത്തിന്റെ സ്വന്തം നടികൾ തമിഴകത്തേക്കു ചേക്കേറുന്നത് വെള്ളിത്തിരയിൽ പതിവാണ്. എന്നാൽ ഇവിടെയിതാ ഒരു മലയാളി ഗായിക തമിഴ് സിനിമയിൽ തന്റെ സ്വരവിലാസം എഴുതിച്ചേർത്തിരിക്കുന്നു. തീയറ്ററുകളിൽ ജനങ്ങൾ നെഞ്ചിലേറ്റിയ ’വിക്രംവേദ’ എന്ന ചിത്രത്തിന്റെ പിന്നണി ഗായികയായ നേഹ വേണുഗോപാലാണ് മലയാളിത്തമാർന്ന സ്വരം മറുനാടൻ ആസ്വാദകർക്കു സമ്മാനിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘പോഗാതെ യെന്നെവിട്ട്’ എന്ന ഗാനത്തിനു കാതോർത്തപ്പോൾ അധികമാരും അറിഞ്ഞിരുന്നില്ല ആ പാട്ടുപാടിയത് നമ്മുടെ സ്വന്തം നാട്ടുകാരിയാണെന്ന്. നേഹയെ മലയാളികൾ ആദ്യം കേൾക്കുന്നത് ‘ഫിലിപ്സ് ആൻഡ് മങ്കിപെൻ’ എന്ന ചിത്രത്തിലെ ‘എൻ കണിമലരേ’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ്.

പാട്ട് ഹിറ്റായെങ്കിലും ആ പാട്ടു പാടിയിരിക്കുന്നത് നേഹയാണെന്നു പലരും തിരിച്ചറിഞ്ഞതേയില്ല. ‘‘അന്നു ചെറിയ സങ്കടം തോന്നി. പിന്നെ അധികമാരും അറിയാതിരിക്കുന്നതിന്റെ സുഖം ഒന്നുവേറെയാണ്. നമ്മൾ പാടിയ പാട്ടിനെക്കുറിച്ച് മറ്റുള്ളവർ പറയുന്ന നല്ല വാക്കുകളും വിർശനങ്ങളുമൊക്കെ അങ്ങനെ കാണാമറയത്തിരുന്നു കേൾക്കുന്നതും ഒരു ത്രില്ലാണ്.’’ 

ഏതായാലും ചെറിയൊരു ഇടവേളയ്ക്കു ശേഷം വിക്രംവേദയിലൂടെ വീണ്ടും മടങ്ങിയെത്തിയപ്പോൾ ആ പരിഭവം തീർന്നു. ആരാധകരുടെ അഭിനന്ദനപ്രവാഹം കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും തേടിയെത്തുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ നേഹ.

വിക്രംവേദ; ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല

വിക്രംവേദയിലേക്കു നേഹയെ പാട്ടുപാടാൻ ക്ഷണിച്ചത് ചിത്രത്തിന്റെ സംഗീതസംവിധായകൻ സാം സിഎസ് ആണ്. ‘‘സത്യത്തിൽ ചിത്രത്തിലെ പാട്ടുകൾക്കു സ്ക്രാച്ച് പാടാൻ വന്നയാളാണ് ഞാൻ. അത് സാമിന് ഇഷ്ടമാകുന്നതോടെയാണ് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്.

ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിയുമെന്നു കരുതിയില്ല. സ്ക്രാച്ച് പാടി കേട്ടപ്പോൾ തന്നെ സാം ഒകെ പറഞ്ഞു. ഈ ചിത്രത്തിൽ തീർച്ചയായും നിന്റെ ഒരു പാട്ട് ഉണ്ടാകുമെന്ന് ഉറപ്പു പറയുകയും ചെയ്തു. എങ്കിലും ചിത്രം പുറത്തിറങ്ങുന്നതുവരെ വിശ്വസിച്ചതേയില്ല. ഇപ്പോഴും ഈ പാട്ട് ഒരു സ്വപ്നമാണെന്നു തോന്നുന്നു പലപ്പോഴും’’.

നേഹയുടെ വാക്കുകളിൽ അപ്രതീക്ഷിതമായി കൈവന്ന സന്തോഷത്തിളക്കം. മാധവൻ നേഹയുടെ ഇഷ്ടനായകനാണ്. മാധവനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഭാഗമായതു തന്നെ ഭാഗ്യമായി കരുതുന്നു ഈ യുവഗായിക. ‘‘ഇതിനു മുൻപും പല ചിത്രങ്ങൾക്കും സ്ക്രാച്ച് പാടിയിട്ടുണ്ട്. സിനിമയിൽ വരുമെന്ന ഉറപ്പോടെ പാടിയ പാട്ടുകളുമുണ്ട്.

പക്ഷേ അവയൊന്നും സിനിമയിലെത്തിയില്ല. നിരാശപ്പെട്ടിട്ടു കാര്യമില്ല. വളരെയധികം മൽസരമുള്ള ഒരു മേഖലയാണിത്. പ്രത്യേകിച്ചും പുതുമുഖങ്ങൾക്ക്. സാം എനിക്കുതന്ന വാക്കാണ് എന്റെ ബ്രേക്ക്...’’ ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ച പാട്ടിന്റെ സ്വരമാകാൻ കഴിഞ്ഞതിന്റെ സന്തോഷം നേഹയ്ക്കു പങ്കുവച്ചുമതിയാകുന്നില്ല. പ്രദീപ് കുമാറിനൊപ്പമാണ് നേഹ പാട്ട് പാടിയിരിക്കുന്നത്.

ട്രാക്ക് പാടാനെത്തി.. എൻ കണിമലരേ...

നേഹ ചെന്നൈയിൽ ജോലിത്തിരക്കുകളുമായി കഴിയുന്ന കാലത്താണ് ‘ഫിലിപ്സ് ആൻഡ് മങ്കി പെൻ’ എന്ന ചിത്രത്തിലേക്ക് ട്രാക്ക് പാടാൻ വിളിച്ചത്. ‘‘അന്നു പാട്ട് ഒട്ടും ഗൗരവമായി കണ്ടിരുന്നില്ല. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എന്റെ സുഹൃത്തായിരുന്നു.

ആ സൗഹൃദമാണ് എന്നെ സ്റ്റുഡിയോയിൽ എത്തിച്ചത്. ട്രാക്ക് പാടിക്കേട്ടപ്പോൾ സംവിധായകനും മറ്റുള്ളവർക്കും ആ പാട്ടിന് എന്റെ സ്വരം ചേരുന്നുണ്ടെന്നു തോന്നി. അങ്ങനെ ഞാൻ പാടിയ പാട്ട് ആദ്യമായി സിനിമയിലെത്തി. സിനിമയ്ക്കും പാട്ടിനും നല്ല പ്രതികരണം ലഭിച്ചപ്പോൾ സന്തോഷം തോന്നി. പക്ഷേ ചുരുക്കം പേർ മാത്രമേ എന്നെ തിരഞ്ഞു കണ്ടെത്തിയിരുന്നുള്ളു.

ഞാൻ വീണ്ടും ജോലിത്തിരക്കുകളുമായി ചെന്നൈയിൽ തന്നെയായിരുന്നു. അടുത്ത പാട്ടിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നു പറയാൻ കഴിയില്ല. അതുകൊണ്ടു തന്നെ രണ്ടാമത്തെ പാട്ടിലേക്കുള്ള സമയദൂരത്തെ ഒരു നീണ്ട ഇടവേളയായി കാണുന്നുമില്ല. അന്നു സംഗീതത്തേക്കാൾ ജോലിയിലായിരുന്നു ശ്രദ്ധ. പിന്നീടാണ് സംഗീതം എനിക്കു കൂടുതൽ സന്തോഷം നൽകുന്നതായി തിരിച്ചറിഞ്ഞത്.’’

അങ്ങനെ വീണ്ടും പാട്ടുവഴിയിലേക്ക് എത്തിച്ചേരുകയായിരുന്നു നേഹ. പിന്നെ സ്റ്റേജ് ഷോയും, റെക്കോർഡിങ്ങുമൊക്കെയായി പാട്ടിന്റെ തിരക്കുകളിലേക്ക്. ഒപ്പം സംഗീതപഠനം തുടരുകയും ചെയ്തു. ഇടയ്ക്ക് കന്നഡയിലും പാടി. പല ഗായകരെയും അടുത്തുപരിചയപ്പെട്ടു.. അങ്ങനെ ഓരോ ദിവസവും പാട്ടിനു വേണ്ടി നീക്കിവയ്ക്കുന്നതിൽ നേഹ സന്തോഷം കണ്ടെത്തി.

‘വിക്രംവേദ’ നേഹ വേണുഗോപാൽ എന്ന പാട്ടുകാരിയുടെ സ്വരജാതകം തിരുത്തിയെഴുതുകയായിരുന്നു. ഇനി നേഹയുടെ സ്വപ്നം മലയാളത്തിൽ തന്നെ കൂടുതൽ പാട്ടുകൾ പാടാൻ കഴിയണമെന്നതാണ്. പുതിയ അവസരങ്ങളുമായി തമിഴ്, കന്നഡ സംഗീതസംവിധായകർ സമീപിച്ചുതുടങ്ങി. നേഹ തന്റെ സ്വരത്തിനു ചേരുന്ന ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ കൺഫ്യൂഷനിലാണെന്നു മാത്രം.

കൂടുതൽ വായനയ്‌ക്ക്