Friday 31 May 2019 02:38 PM IST : By സ്വന്തം ലേഖകൻ

’പദ്മാവതി’ പ്രതിഷേധം പരിധി വിടുന്നു; രാജസ്ഥാനിലെ നഹർഗഢ് കോട്ടയിൽ മൃതദേഹം

padma-deepika1

’പദ്മാവതി’ സിനിമയ്ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തി രാജസ്ഥാനിലെ നഹർഗഢ് കോട്ടയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ജയ്പുരിൽനിന്ന് 20 കിലോമീറ്റർ അകലെയാണു നഹർഗഢ് കോട്ട. സമീപത്തുള്ള പാറകളിൽ സിനിമയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിവച്ചിട്ടുണ്ട്. ഒരു പാറയിൽ ‘പദ്മാവതിയെ എതിർത്ത്’ എന്നും മറ്റൊന്നിൽ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങൾ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്. ബ്രഹ്മപുരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാളെയും തിരിച്ചറിഞ്ഞിട്ടില്ല.

padmavati.jpg.image.784.410 നഹർഗഢ് കോട്ടയിൽ മൃതദേഹം കണ്ടെത്തിയപ്പോൾ. ചിത്രങ്ങൾ: എഎൻഐ, ട്വിറ്റർ

എന്നാലിതു ആത്മഹത്യയാകാമെന്നും ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും കർണി സേന പ്രസിഡന്റ് മഹിപാൽ സിങ് മക്രാന അറിയിച്ചു. സംഭവത്തെ നിശിതമായി വിമർശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ രീതി കൈവിട്ടുപോയെന്നു ബിജെപി അഭിപ്രായപ്പെട്ടു. സാഹചര്യങ്ങളുടെ ഗുണഫലം മറ്റാരോ എടുക്കുകയാണെന്നും ബിജെപി നേതാവ് വൈഭവ് അഗർവാൾ വ്യക്തമാക്കി. ഇതൊരു പ്രേതകഥയെ അനുസ്മരിപ്പിക്കുന്നുവെന്നും, നമ്മൾ ഒരു ജനാധിപത്യത്തിലാണ് ജീവിക്കുന്നതെന്ന്  വിശ്വസിക്കാനാകുന്നില്ലെന്നും സംവിധായകൻ ശ്യാം ബെനഗൽ അറിയിച്ചു.

padma-deepika2

അതിനിടെ, പ്രതിഷേധക്കാർ ഡൽഹി ആസാദ്പുരിൽ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ കോലം കത്തിച്ചു. ’പദ്മാവതി’ സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും കാട്ടി രജപുത്ര സംഘടനകളും ചില ബിജെപി നേതാക്കളും മറ്റു ചില സംസ്ഥാനങ്ങളും സിനിമയ്ക്ക് എതിരാണ്. ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിൽ സിനിമയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഇക്കൂട്ടർ നടത്തുന്നത്.

padma-deepika3

രജപുത്ര രാജ്ഞിയായ പദ്മാവതിയും രാജ്യം കീഴടക്കാനെത്തിയ അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ഒരു സ്വപ്നത്തിലായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നുവെന്നാണു പ്രചാരണം. എന്നാൽ അങ്ങനെയൊരു രംഗം സിനിമയിൽ ഇല്ലെന്നു ബന്‍സാലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ഒരു സമിതിയെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡിസംബർ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും, സെൻസർ ബോർഡിന്റെ തീരുമാനം വൈകുന്നതിനാൽ നിർമാതാക്കൾ വീണ്ടും തിയതി നീട്ടി വച്ചിരിക്കുകയാണ്.

കൂടുതൽ വായനയ്ക്ക്