Tuesday 16 January 2018 02:05 PM IST : By സ്വന്തം ലേഖകൻ

ശ്രീജിത്തിന് പിന്തുണ അറിയിച്ച പാര്‍വതിക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല

sreejit_parvathy

സെക്രട്ടേറിയേറ്റ് പടിക്കല്‍ നീതിക്കായി പോരാട്ടം തുടരുന്ന ശ്രീജിത്തിന് പിന്തുണയുമായി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ക്കൊപ്പം സിനിമാതാരങ്ങളും മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ശ്രീജിത്തിനെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് നടി പാര്‍വതിയ്‌ക്കെതിരെ സൈബര്‍ ആക്രണം രൂക്ഷമാകുകയാണ്. അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളാണ് പാര്‍വതിയുടെ പോസ്റ്റിന് കമന്റുകളായി വന്നുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ അടുത്തിടെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള പരാമര്‍ശമുന്നയിച്ച നടി ഒ എം കെ വി എന്നു ചിലരെ വിശേഷിപ്പിച്ചിരുന്നു. ഇതിനു ബദലായി ഒ പി കെ വി എന്ന് പലരും പാര്‍വതിയോട് പ്രതികരിച്ചിരിക്കുകയാണ്.

sreejith2

പാര്‍വതിയുടെ പോസ്്റ്റ് ചുവടെ:

‘ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം’ എന്നായിരുന്നു പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കവെച്ച കുറിപ്പ്.



ശ്രീജിത്തിന് പാര്‍വതിയുടെ പിന്തുണ ആവശ്യമില്ലെന്നും നഷ്ടപ്പെട്ടുപോയ പേര് വീണ്ടെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണിതെന്നും പറഞ്ഞാണ് പാര്‍വതിയുടെ നേരെയുള്ള സൈബര്‍ ആക്രമണം.