Thursday 27 June 2019 03:55 PM IST : By സ്വന്തം ലേഖകൻ

പാർവതിയുടെ വിവാദ പ്രസംഗ വിഡിയോ കാണാം! നടിയുടെ നിലപാട് ഫാസിസമെന്ന് തിരക്കഥാകൃത്ത്

parvathyiffk

മമ്മൂട്ടിക്കും അദ്ദേഹം അഭിനയിച്ച കസബയ്ക്കും എതിരേ രാജ്യാന്തര ചലച്ചിത്ര മേളയിൽ നടി പാർവതി നടത്തിയ വിവാദ പ്രസംഗത്തിന്റെ വിഡിയോ ചുവടെ നൽകുന്നു. ചലച്ചിത്ര മേളയോട് അനുബന്ധിച്ചു നടന്ന ഓപ്പൺ ഫോറത്തിലായിരുന്നു പാർവതി ചിത്രത്തിനെതിരേയും മെഗാ താരത്തിനെതിരേയും രൂക്ഷമായി രംഗത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ പാർവതിക്കെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു.

സെക്സി ദുർഗ ആവിഷ്കാര സ്വാതന്ത്ര്യവും കസബ സ്ത്രീ വിരുദ്ധവും ആണെന്ന് പറയുന്ന പാർവതിയുടെ ഇരട്ടത്താപ്പിനെതിരേയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. പാർവതി അഭിനയിച്ച നോട്ട്ബുക്കിൽ സഹപാഠിയായ പെൺകുട്ടിയെ അബോർഷൻ ചെയ്യിപ്പിക്കാൻ കൂട്ടുനിന്നത് സ്ത്രീ വിരുദ്ധമല്ലേ എന്നു ചോദിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു. പാർവതിയുടെ നിലപാട് ഫാസിസമാണെന്ന് ആരോപിച്ച് തിരക്കഥാകൃത്തായ വ്യാസന്‍ രംഗത്തുവന്നു.

വ്യാസന്റെ കുറിപ്പ് വായിക്കാം;

പാർവതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണ്. കസബ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിർമാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌.

അല്ലാതെ പാർവതിയൊ, പാർവതിയുടെ സംഘടനയോ അല്ല. സെക്സി ദുർഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌. ഇതാണ് ഫാസിസം,സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ? കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഫ്കെയുടെ വേദിയിൽ നടന്ന ഈ പരാമർശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.