Thursday 14 February 2019 03:43 PM IST : By സ്വന്തം ലേഖകൻ

‘സ്ത്രീ വിരുദ്ധസിനിമകളിൽ ഇനി അഭിനയിക്കില്ല’ നടിയായ സുഹൃത്തിന് ആദരവുമായി പൃഥ്വിരാജ്

prithiviraj

ആക്രമണത്തിന് ഇരയായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഭിനയരംഗത്തേക്ക് തിരികെ വന്ന സുഹൃത്തായ നടിക്ക് ആദരവും സ്നേഹവും അര്‍പ്പിച്ച് പൃഥ്വിരാജ്. പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കാനെത്തുന്നത്. പക്വതയില്ലാത്ത പ്രായത്തില്‍ സ്ത്രീവിരുദ്ധ സിനിമകളിലോ തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധതയിലോ പങ്കാളിയായിട്ടുണ്ട്. അതിനി ഉണ്ടാകില്ലെന്നും പൃഥ്വി പറയുന്നു. പൃഥ്വിയ്ക്ക് പുതിയ പ്രസ്താവനയില്‍ ആദരവും സ്നേഹവും പ്രകടിപ്പിച്ച് സിനിമാ രംഗത്തും പുറത്തുമുള്ള നിരവധി പേര്‍ ഫെയിസ് ബുക്കില്‍ എത്തിയിട്ടുണ്ട്.

പൃഥ്വിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ചുരുക്കം

ജീവിതത്തിലെ ദുംഖം നിറഞ്ഞ സന്ദർഭങ്ങളിൽ എന്തെന്നില്ലാത്ത ധൈര്യമാണ് എന്നെ മുന്നോട്ടു നയിച്ചിട്ടുള്ളത്. ഈ ധൈര്യം ഞാൻ ഏറ്റവും കൂടുതൽ ദർശിച്ചിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും ദൈവത്തിന്റെ ഏറ്റവും മഹത്തായസൃഷ്ടികളായ സ്ത്രീകളിൽ നിന്നാണ്.

പതറിപ്പോയ ജീവിതത്തിലും ഒട്ടും അടിപതറാതെ ദുർബലരായ രണ്ട് ആൺകുട്ടികളെ കരുത്തരായ പുരുഷൻമാരാക്കിയ അമ്മയിൽ നിന്ന്, 40 മണിക്കൂർ നീണ്ടുനിന്ന പ്രസവവേദനകൾക്കൊടുവിൽ ഒരു അനസ്തേഷ്യയുടെയും സഹായമില്ലാതെ സ്വന്തം ശരീരം കീറി മുറിക്കപ്പെടുമ്പോഴും സാരമില്ല എന്നു പറയുന്ന ഭാര്യയിൽ നിന്ന്.. ഇങ്ങനെയുള്ള പെൺധൈര്യത്തിന്റെ നേർരൂപങ്ങൾ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടുന്ന സ്ത്രീകൾക്കു മുന്നിൽ എത്രയോ നിസാരനാണു ഞാനെന്ന തോന്നൽ എന്നിലുളവാക്കുന്നു.

ഇന്ന്, ആദം എന്ന സിനിമയുടെ ചിത്രീകരണത്തിനായി എന്റെ പ്രിയ സുഹൃത്ത് എത്തുമ്പോൾ, ഒരിക്കൽ കൂടി അസാമാന്യമായ പെൺധൈര്യം ദർശിക്കുകയാണു ഞാൻ. ഇന്നവൾ കുറിക്കുന്നതു കാതങ്ങൾക്കും സമയത്തിനും ലിംഗഭേദങ്ങൾക്കുമപ്പുറം വായിക്കപ്പെടും. അന്യവ്യക്തിക്കോ ഒരു സംഭവത്തിനോ ഒരാളുടെ ജീവിതം നിയന്ത്രിക്കാനാവില്ല. ജീവിതം നിയന്ത്രിക്കുന്നതിനുള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമെന്ന് ഊന്നിപ്പറയുകയാണ് അവൾ. ഇനി വരുന്ന കൗൺസലിങ് സംഭാഷണത്തിലും സൗഹൃദ സംഭാഷണങ്ങളിലും ഒരുപോലെ അവളുടെ ഈ പ്രവൃത്തി ചർച്ച ചെയ്യപ്പെടും. ആരും കേൾക്കാത്ത ദശലക്ഷം പേരുടെ ശബ്ദമാവുകയാണ് നീ.

ആരും കേൾക്കാത്ത ദീനരോദനങ്ങൾക്ക്, എന്റെ അറിവില്ലായ്മയെയും പ്രായത്തിന്റെ പക്വതക്കുറവിനെയും ഓർത്തു ഞാൻ ക്ഷമ ചോദിക്കുന്നു. സ്ത്രീ വിരുദ്ധ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്റെ സംഭാഷണങ്ങളിലൂടെ സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി കൈയ്യടി നേടാൻ ശ്രമിച്ചിട്ടുണ്ട് ഞാന്‍. ഇനിയൊരിക്കലും ഇത്തരം സിനിമകളിൽ ഞാന്‍ ഭാഗമാകില്ലെന്നുറപ്പ് തരുന്നു. ഇനിയെന്റെ ഒരു ചിത്രവും സ്ത്രീയെ അപമാനിക്കുന്നതാവില്ല. ഒരു അഭിനേതാവാണു ഞാന്‍. അഭിനയം എന്റെ തൊഴിലും. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഇനി ബദ്ധശ്രദ്ധ പതിപ്പിക്കും. അതോടൊപ്പം സ്ത്രീവിരോധികള്‍ എന്റെ ചിത്രത്തിൽ മഹത്വീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനും ശ്രദ്ധിക്കും.

നമുക്ക് എഴുന്നേറ്റു നിന്ന് അവൾക്കു നല്ലൊരു അഭിനന്ദനം നൽകാം. അവളുടെ ഈ ധീരമായ തീരുമാനത്തിനു പിന്നിൽ ആക്രമണത്തിനിരയായ ഒരു സെലിബ്രിറ്റിയുടെ ജീവിതം നിരന്തരം പരിശോധിക്കപ്പെടുമെന്ന ബോധ്യവും അവൾക്കുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടന്ന് മറ്റുള്ളവർക്കു മുന്നിൽ അവൾ തന്നെ ഒരു മാതൃകയാകുകയാണ്.നിരവധി പേര്‍ക്കാണ് മുന്നോട്ട് പോകാനുള്ള ധൈര്യം അവള് പകര്‍ന്നു നല്‍കുന്നത്. നിന്നോടെനിക്കെന്നും ആരാധനയായിരിക്കും സുഹൃത്തേ നിന്നോടെനിക്കെന്നും ആരാധനയായിരിക്കും.

 

സസ്നേഹം,
പൃഥ്വി