Wednesday 20 March 2019 05:05 PM IST : By സ്വന്തം ലേഖകൻ

’പുണ്യാളൻ അഗർബത്തീസി’ന്റെ രണ്ടാംഭാഗത്തിന് പേരിട്ടു

pa-ren

തൃശൂർ ഭാഷ സംസാരിച്ച് ജോയി താക്കോൽക്കാരനായി ജയസൂര്യ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാംഭാഗത്തിന്റെ പേര് പ്രഖ്യാപിച്ചു. ’പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്നാണ് സിനിമയുടെ പേര്. നാലു വർഷം മുൻപാണ് രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത്. ജയസൂര്യ, നൈല ഉഷ, ഇന്നസെന്റ്, അജു വർഗ്ഗീസ്, രചന നാരായണൻകുട്ടി, ടി ജി രവി, ശ്രീജിത്ത് രവി എന്നിവർ അഭിനയിച്ച സിനിമ നിർമ്മിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്.

തൃശൂരുകാരനായ ജോയി താക്കോൽക്കാരൻ പല ബിസിനസും നടത്തി പൊളിഞ്ഞ് ഒടുവിൽ ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി നിർമ്മിച്ച് വിജയം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കോമഡിക്ക് പ്രാധാന്യം നൽകിയെത്തിയ ചിത്രം ബോക്സ്ഓഫീസിൽ വിജയം നേടിയിരുന്നു.

pa-poster

"നാലു വർഷത്തോളമായി പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാംഭാഗത്തെ കുറിച്ച് ആലോചനയുണ്ടായിരുന്നു. അതിനുവേണ്ടി കുറേ കഥകൾ കേട്ടു. എന്നാൽ നല്ലൊരു തിരക്കഥ ഒത്തുവന്നിരുന്നില്ല. ഇപ്പോഴാണ് മികച്ച സ്‌ക്രിപ്റ്റും ടീമും തയ്യാറായത്." വനിത ഓൺലൈനോട് സംവിധായകൻ രഞ്ജിത്ത് ശങ്കർ പറഞ്ഞു.

നടൻ ജയസൂര്യയുമായി ചേർന്ന് ’പുണ്യാളൻ സിനിമാസ്’ എന്ന പേരിൽ പുതിയ വിതരണ കമ്പനി ആരംഭിച്ചിരുന്നു. ആദ്യമായി പുണ്യാളൻ സിനിമാസ് വിതരണത്തിനെടുക്കുന്ന ചിത്രം ’പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ ആയിരിക്കും. പുണ്യാളൻ സിനിമാസിന്റെ ബാനറിൽ രഞ്ജിത് ശങ്കർ- ജയസൂര്യ ചിത്രങ്ങൾക്ക് പുറമേ മറ്റു സിനിമകളും വിതരണത്തിനെടുക്കും.