Thursday 11 April 2019 04:00 PM IST : By സ്വന്തം ലേഖകൻ

ദിലീപ് നിരപരാധിയാണെങ്കിലോ, സമാധാനം ആരു പറയും? സജീവൻ അന്തിക്കാട് ചോദിക്കുന്നു

dileep-sajeevan1

നടിയെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ഇങ്ങനെ മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവയ്ക്കുന്നത്. വിഷയത്തിൽ ഫെയ്‌സ്ബുക്കിലൂടെ അഭിപ്രായ പ്രകടനവുമായി സംവിധായകൻ സജീവൻ അന്തിക്കാട് രംഗത്തെത്തി.

സജീവൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം;

ദിലീപ് കേസ് മൂന്നാം ഭാഗം

സ്വർണ്ണമാല കട്ട കള്ളനെ പൊലീസു പിടിച്ചാൽ തൃശൂർ പുത്തൻപള്ളിയിൽ വരുമാനം കൂടുന്നതെങ്ങിനെ?

കൂമ്പിനിടിച്ചു സത്യം പറയിക്കുക എന്നല്ല കൂമ്പിനിടി കിട്ടാതെ സത്യം പറയില്ല എന്നതാണ് കള്ളൻമാരുടെ ഒരു രീതി. കളവ് കേസ്സിൽ പിടിക്കപ്പെട്ടാൽ ബിജെപിക്കാരൻ വരെ സഹായത്തിനെത്തില്ലെന്ന് കള്ളനുറപ്പുണ്ട്. എന്നാലും ഇടികിട്ടാതെ കള്ളൻ സത്യം പറയില്ല. ശീലം കൊണ്ടാണേ.

പൊലീസുകാരുടെ കൈത്തരിപ്പിന് ശമനമായി എന്നു കണ്ടാൽ പിന്നെ കള്ളൻ സത്യം പറയുകയായി. കട്ടതെപ്പോൾ, എവിടുന്ന് എന്നൊക്കെ കൃത്യം കൃത്യമായി പറയും. അടുത്ത സ്റ്റെപ്പാണ് പ്രധാനം. കട്ട മുതൽ എവിടെ ? അതായത് തൊണ്ടി. കട്ട മുതൽ എവിടാണന്നു ചോദിക്കുമ്പോൾ കള്ളൻ പറയും തൃശൂർ ഹൈറോഡിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റുവെന്ന്.

കടയുടെ പേരൊന്നും കള്ളനറിയില്ല. അത്രക്കധികം സ്വർണ്ണക്കടകൾ അവിടുണ്ടല്ലോ. പിന്നെ കള്ളനെയും കൊണ്ട് ഹൈറോഡിലേക്ക് യാത്ര. കള്ളൻ സെലിബ്രിറ്റിയല്ലാത്തതിനാൽ ഒബി വാനും മീഡിയയും ഉണ്ടാകില്ല. ഈ നിമിഷം മുതലാണ് തൃശൂർ പുത്തൻ പള്ളിയിലേക്ക് വരുമാനം ശറപറ പ്രവഹിക്കുന്നത്.

പൊലീസിന് കള്ളൻ പറയുന്നത് ഫയങ്കര വിശ്വാസമാണ്. കള്ളൻ ചൂണ്ടിക്കാണിച്ച കടയുടമസ്ഥൻ ശരിക്കും പെട്ടു. കളവ് പോയ മാല കടയിൽ കണ്ടെത്താനായില്ലെങ്കിലും കുഴപ്പമില്ല. കടയുടമസ്ഥൻ ആ മാലയുരുക്കി സ്വർണ്ണമാക്കി എന്ന് പൊലീസ് പറയും. അത്രയ്ക്ക് വിശ്വാസമാണ് കള്ളനെ പോലീസിന്.

അതുകൊണ്ടാണ് പോലീസ് ജീപ്പ് വരുന്നതു കണ്ടാൽ ചെറുകിട സ്വർണ്ണ വ്യാപാരികൾ 'പുത്തൻപള്ളി മാതാവിന്' വഴിപാടു നേരുന്നത്.

"മാതാവേ, എന്റെ കട ചൂണ്ടി കാണിപ്പിക്കല്ലേ . സ്വർണ്ണം കൊണ്ടൊരു തിരുരൂപം തന്നോളാമേ " എന്ന് ജാതിമത ഭേദമന്യേ മനമുരുകി പ്രാർത്ഥിക്കും. എല്ലാ മതക്കാരും പുത്തൻപള്ളി ഉന്നംവെക്കുന്നതെന്തെന്നാൽ പുത്തൻ പള്ളിയാണ് തൊട്ടടുത്ത്. പ്രാർത്ഥനാ തരംഗങ്ങൾ സെക്കന്റിൽ മൂന്നു ലക്ഷം കിലോമീറ്ററിലാണല്ലോ സഞ്ചരിക്കുന്നത്. ഏറ്റവും അടുത്തുള്ള ദൈവം എറ്റവുമാദ്യം കേൾക്കും. സിമ്പിൾ ലോജിക്ക്.

അപ്രകാരം കള്ളൻ ചൂണ്ടിക്കാണിക്കുന്ന കടക്കാരന് സ്വർണ്ണം നഷ്ടം. കള്ളൻ ചൂണ്ടിക്കാണിക്കാത്ത കടക്കാരുടെ വഴിപാട് മുഴുവൻ പള്ളിക്കും. ഈ പ്രാകൃത രീതിക്കൊരു അവസാനമുണ്ടായത് സ്വർണ്ണക്കടക്കാരെല്ലാരും ചേർന്നൊരു യൂണിയനുണ്ടാക്കിയപ്പോഴാണ്. പരിചയമില്ലാത്ത ആൾ കൊണ്ടുവരുന്ന സ്വർണ്ണം വാങ്ങേണ്ടന്ന് അവർ കൂട്ടമായി തീരുമാനമെടുത്തു രക്ഷപ്പെട്ടു.

സ്വർണ്ണക്കടക്കാർ മാറി. കള്ളൻമാരും മാറി. പക്ഷെ പൊലീസ് മാത്രം മാറിയില്ല. പ്രതി പറയുന്നതും വിശ്വസിച്ച് ആ വിശ്വാസത്തിനു തെളിവുണ്ടാക്കാൻ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. തെളിവുണ്ടാക്കാൻ സമയം പോരാ എന്ന് കോടതിയിൽ പറഞ്ഞ് സമയം നീട്ടി വാങ്ങുന്നു. ഇതിന്റെയൊക്കെ പേരിൽ ജയിലിലടക്കപ്പെട്ട ആൾ "എങ്ങാനും നിരപരാധിയാണെങ്കിൽ " സമാധാനം ആര് പറയും. സർക്കാരോ? അവരെ തെരഞ്ഞെടുത്ത ജനങ്ങളോ?