Thursday 21 March 2019 02:23 PM IST : By സ്വന്തം ലേഖകൻ

നാശ നഷ്ടങ്ങള്‍ കാണാതെ പോകരുത്, യുദ്ധത്തിനെതിരെ പ്രതികരിച്ച് സൽമാൻ ഖാൻ

salman1

രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിന് ഉത്തരവിടുന്നവർതന്നെ അതിർത്തിയിൽ പോയി യുദ്ധം ചെയ്യട്ടെയെന്നു ബോളിവുഡ് നടൻ സൽമാൻ ഖാൻ. തമ്മിലടിക്കുമ്പോൾ ഇരുവശത്തുമുണ്ടാകുന്ന നാശം കാണാതെ പോകരുതെന്നും കബീർഖാൻ സംവിധാനംചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന സൽമാൻ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.‘‘യുദ്ധത്തിന് ആഹ്വാനംചെയ്യുന്നവർ ആദ്യം ചിന്തിക്കേണ്ടത് സൈനികരെക്കുറിച്ചാണ്. യുദ്ധമുണ്ടാകുമ്പോൾ ഇരുവശത്തുമുള്ള സൈനികർക്കും സാധാരണക്കാർക്കും നഷ്ടം സംഭവിക്കും.

മാതാപിതാക്കൾ നഷ്ടപ്പെട്ടവരും മക്കളെ നഷ്ടപ്പെട്ടവരുമെല്ലാം വേദനകളുമായി അവശേഷിക്കും. ഇനിയും യുദ്ധം വേണമെന്ന് പറഞ്ഞ് അതിന് ഉത്തരവിടുന്നവർ അതിർത്തിയിൽ നേരിട്ടുപോയി യുദ്ധംചെയ്യട്ടെ’’ - അതിർത്തി പ്രശ്നത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിൽ നടൻ പറഞ്ഞു. യുദ്ധം ഒരിക്കലും ബുദ്ധിപരമായൊരു തീരുമാനമല്ല.

അതിൽ നിന്ന് ആർക്കും നേട്ടമുണ്ടാകുന്നില്ല. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുകയാണു വേണ്ടതെന്നും സൽമാൻ ചൂണ്ടിക്കാട്ടി. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ കഥപറയുന്നതാണ് ട്യൂബ് ലൈറ്റ് എന്ന സിനിമ. ഈ മാസം 23ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ട്യൂബ് ലൈറ്റിന്റെ പ്രചാരണ തന്ത്രമാണ് സൽമാന്റെ പ്രതികരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സൽമാന്റെ ഇളയ സഹോദരൻ സുഹൈലും ചിത്രത്തിലുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാം