Tuesday 26 February 2019 03:46 PM IST : By സ്വന്തം ലേഖകൻ

എന്റെ സ്ക്രീൻ പ്രസൻസ് അവർ ആഗ്രഹിക്കുന്നുണ്ടാകും! മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് പണ്ഡിറ്റ്

santhosh-p

സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയുടെ സ്‌ക്രീന്‍ പ്രസന്‍സ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതു കൊണ്ടാകാം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ തന്നെ ക്ഷണിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ്. പുതിയ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി നായകനാകുന്ന അജയ് വാസുദേവിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് താനെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇത് ആദ്യമായാണ് മറ്റൊരു സംവിധായകന്റെ ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായ രാജാധിരാജയുടെ സംവിധായകനായിരുന്നു അജയ് വാസുദേവ്.

കൊല്ലം ഫാത്തിമ മാതാ കോളജിലായിരുന്നു ഷൂട്ടിങ്. സ്വന്തമായി സംവിധാനം ചെയ്യുന്ന ഉരുക്ക് സതീശന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ഇടവേള നല്‍കിയാണ് പണ്ഡിറ്റ് പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ തല മൊട്ടയടിച്ചാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചിരുന്നത്. ചിത്രത്തിന് ഇടവേള വരുന്നതിനാൽ വീണ്ടും മൊട്ടയടിക്കേണ്ടി വരുമെന്ന ടെൻഷനിലാണ് അദ്ദേഹം. അവിചാരിതമായി കിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പണ്ഡിറ്റ് പറയുന്നു. അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ച കഥാപാത്രത്തിന് താന്‍ അനുയോജ്യമാണെന്നു തോന്നിയതിനാലാകും അവര്‍ തന്നെ സമീപിച്ചത്. ഇനി മമ്മൂട്ടി ചിത്രം അവസാനിച്ചശേഷമേ സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയുള്ളൂ.– പണ്ഡിറ്റ് പറയുന്നു.

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് തത്കാലം സസ്‌പെന്‍സ് സൂക്ഷിക്കുകയാണ്. ഈ സിനിമയെക്കുറിച്ച് ഇപ്പോള്‍ അധികം വെളിപ്പെടുത്താനാവില്ല. നല്ലൊരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. രാജാധിരാജ എന്ന ഹിറ്റൊരുക്കിയ അജയ് വാസുദേവിന്റെ സംവിധാനം. നായകന്‍ മമ്മൂക്ക. അങ്ങനെ ഒരു പ്രോജക്ടില്‍ അഭിനയിക്കാന്‍ അവസരം വരുമ്പോള്‍ എനിക്ക് കൂടുതല്‍ ചിന്തിക്കാനില്ലല്ലോ? മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. സിനിമയിലെത്തുന്നതിന് എത്രയോ മുന്‍പേ മമ്മൂക്കയെ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയോട് താല്‍പര്യമുള്ള ഒരാള്‍ എന്ന നിലയില്‍ പല കഥാപാത്രങ്ങളെയും അദ്ദേഹം എങ്ങനെയാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ട്. പിന്നെ സിനിമയോട് അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥത. മമ്മൂക്കയെ ഇതുവരെ നേരില്‍ പരിചയപ്പെട്ടിട്ടില്ല. വരുന്ന ഓണത്തിനാവും ചിത്രം തീയേറ്ററുകളിലെത്തുക. എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

അതേസമയം ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം മുഴുനീള റോളില്‍ സന്തോഷ് പണ്ഡിറ്റ് ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കുഴപ്പക്കാരായ കോളേജ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജ് ക്യാംപസിലേക്ക് അവരെക്കാള്‍ കുഴപ്പക്കാരനായ ഒരു പ്രൊഫസര്‍ പഠിപ്പിക്കാനെത്തുമ്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റ ഇതിവൃത്തം.