Thursday 18 January 2018 12:31 PM IST : By സ്വന്തം ലേഖകൻ

സോഷ്യല്‍മീഡിയ തിരഞ്ഞ ആ കുട്ടി ഇവിടെയുണ്ട്; ചിത്രത്തിനു പിന്നിലെ യഥാര്‍ത്ഥ കഥ പറഞ്ഞ് യുവാവ്

nikhil

കൊച്ചി: ‘വാപ്പിച്ചിയുടെ ആണ്‍കുട്ടി ദുല്‍ഖര്‍ എന്നു പറഞ്ഞു  സോഷ്യല്‍ മീഡിയയില്‍  കറങ്ങി നടന്ന ചിത്രത്തിത്തിന്റെ യഥാര്‍ത്ഥ അവകാശിയെ തിരഞ്ഞുള്ള രസകരമായ ചര്‍ച്ചകളായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി. ഡിക്യു ഫാന്‍സ് സംഭവം പങ്കുവച്ചതോടെ ആ ചിത്രത്തിലെ കുട്ടി താനല്ല എന്നു വെളിപ്പെടുത്തി ദുല്‍ഖര്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍പിന്നെ അത്  മമ്മൂട്ടിയുടെ സഹോദര പുത്രനും നടനുമായ മഖ്ബൂല്‍ സല്‍മാന്‍ ആയിരിക്കുമെന്നായി പിന്നീടുള്ള പ്രചരണം. അവസാനം സോഷ്യല്‍ മീഡിയയില്‍ വന്ന ഈ ചിത്രത്തിലുള്ള കുഞ്ഞ്  താനാണെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ യഥാര്‍ത്ഥ അവകാശി തന്നെ എത്തയിരിക്കുകയാണ്.

വാപ്പിച്ചിയുടെ ആണ്‍കുട്ടി! തെറ്റായ ചിത്രം പോസ്റ്റ് ചെയ്ത ആരാധകന് ഡിക്യുവിന്റെ മറുപടി

നിഖില്‍ ഇക്ബാല്‍ എന്ന യുവാവാണ് ഫോട്ടോയും നേരത്തെ തന്നെ പങ്കുവച്ചിരുന്ന പോസ്റ്റും പങ്കുവച്ച് രംഗത്തെത്തിയത്.  എറണാകുളത്ത് ഒരു  ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ ഒരുവയസ്സുകാരനായ തന്നെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിച്ചതാണ് ഈ ഫോട്ടോയെന്ന് പറഞ്ഞാണ് യുവാവ് രംഗത്തെത്തിയത്.

നിഖിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

നിഖില്‍ ഇക്ബാല്‍ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോള്‍ ‘മമ്മൂട്ടി’ എടുത്ത ഫോട്ടോയാണിത്. 2012 ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി. ഈ പോസ്റ്റിന് മുമ്പ് ഇങ്ങനെയൊരു ഫോട്ടോ ഓണ്‍ലൈനില്‍ പ്രചരിച്ചിട്ടില്ല.

‘ഒരു വയസുള്ളപ്പോള്‍ മമ്മൂട്ടി എടുത്തിട്ടുണ്ട് എന്നത് ആന കാര്യമല്ല എങ്കിലും, കുടുംബ ആല്‍ബത്തിലെ ഫോട്ടോ മറ്റൊരാളുടെ പേരില്‍ പ്രചരിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി! 2012 ജനുവരിയില്‍ എന്റെ ഫാമിലി ആല്‍ബത്തില്‍ നിന്ന് ഷെയര്‍ ചെയ്തതാണ് ഈ ഫോട്ടോ. അതിന് മുന്‍പ് ഇങ്ങനൊരു ചിത്രം ഓണ്‍ലൈനില്‍ വന്നിട്ടില്ല.

കുറെ സിനിമാ, എഫ്ബി പേജുകളെല്ലാം കൂടി ഇത് ദുല്‍ഖര്‍ സല്‍മാനാണെന്ന് അടിച്ചിറക്കി. എന്റെ ഭാഗത്തും തെറ്റുണ്ട്, വാട്ടര്‍ മാര്‍ക്ക് ചെയ്‌തേ ഇതൊക്കെ പുറത്ത് വിടാന്‍ പാടുണ്ടായിരുന്നുള്ളൂ. ദുല്‍ഖര്‍ തന്നെ പ്രതികരിച്ച സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു’ എന്നും നിഖില്‍ ഇഖ്ബാല്‍ പറയുന്നു.