Monday 15 January 2018 04:21 PM IST : By സ്വന്തം ലേഖകൻ

മോഹന്‍ലാല്‍ മാത്രമല്ല, ഒടിയനിലൂടെ മഞ്ജുവും പ്രേക്ഷകരെ അതിശയിപ്പിക്കും; സംവിധായകന്‍ പറയുന്നു

odiyan Image used for representation only

ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്ന  മഞ്ജു വാരിയര്‍ മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്ക് പോലെ തന്നെ മൂന്നു കാലഘട്ടത്തിലെ രൂപത്തിലെത്തുമെന്ന് സംവിധായകന്‍.  ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലിന് മാത്രമല്ല നായികയായി എത്തുന്ന മഞ്ജുവിനും ഒടിയന്‍ വലിയൊരു വെല്ലുവിളിയാണെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മഞ്ജു വാര്യരുടെ കഥാപാത്രം മാറും. മോഹന്‍ലാലിനോടും പ്രകാശ് രാജിനോടും മത്സരിച്ച് അഭിനയിക്കേണ്ട തരത്തിലുള്ള കഥാപാത്രമാണ് മഞ്ജുവിന് വേണ്ടി മാറ്റി വച്ചത്. മൂന്ന് വ്യത്യസ്ത ലുക്കുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാരിയരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി ഒടിയന്‍ മാറുമെന്നതില്‍ സംശയം വേണ്ട. മൂന്ന് ഗെറ്റപ്പുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുപതുകളില്‍ നിന്ന് മുപ്പത്തഞ്ചിലേക്കും അന്‍പതിലേക്കുമുള്ള മേക്കോവറാണ് പ്രധാന പ്രത്യേകത. - ശ്രീകുമാര്‍മേനോന്‍ പറഞ്ഞു.

മലയാള സിനിമ മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. മഞ്ജുവാണ് നായികയെന്നല്ലാതെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ തന്നെ ഇത് പുറത്തുവിട്ടിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ്  മഞ്ജുവിന്റെ കഥാപാത്രത്തെ കുറിച്ചു വിശദീകരിച്ചത്.