Wednesday 27 February 2019 03:36 PM IST : By സ്വന്തം ലേഖകൻ

ദിലീഷ് പോത്തനെ ‘ടുട്ടുമോൻ’ എന്നു വിളിച്ച് സുരഭി; അതിന് പിന്നിലുള്ള കാരണവും സുരഭി പറയുന്നു

surabhi

കാലടി: ദേശീയ സിനിമാ അവാർഡ് ജേതാക്കളായ സുരഭി ലക്ഷ്മിയും ദിലീഷ് പോത്തനും വീണ്ടും വിദ്യാർഥികളായി മാറി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ക്യാംപസിലുടനീളം ഓടി നടന്ന് ഇരുവരും ഓർമകളിലൂടെ സഞ്ചരിച്ചു. സർവകലാശാലയിലെ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുരഭിയും ദിലീഷും.

കന്റീനിലേക്കായിരുന്നു സുരഭി ആദ്യം പോയത്. അധ്യാപകരെ മണിയടിച്ചു ചായയും പലഹാരങ്ങളും കഴിച്ചിരുന്ന കാര്യം സുരഭി ഓർമിച്ചു. കന്റീനിൽ നിന്നു ചായ കുടിച്ചിറങ്ങുമ്പോൾ തമാശയായി കൗണ്ടറിൽ പറഞ്ഞു ‘പറ്റിൽ എഴുതിക്കോ’. തിയറ്റർ വിഭാഗത്തിൽ വകുപ്പ് മേധാവി ഡോ. കെ.കെ. കൃഷ്ണകുമാർ, ഡോ. ഗോപൻ ചിദംബരം, രമേശ് വർമ, മാർഗി മധു എന്നിവരുമായി ഇരുവർക്കും ഒട്ടേറെ ഓർമകൾ പങ്കിടാനുണ്ടായിരുന്നു.

ദൂരെ നിന്നു വന്നു താമസിച്ചു പഠിച്ചിരുന്ന തനിക്ക് അമ്മയുടെ സ്നേഹം നൽകിയതു വകുപ്പിലെ അധ്യാപിക ഉഷ നങ്ങ്യാരാണെന്നു സുരഭി പറഞ്ഞു. കോഴ്സിൽ ചേരുമ്പോൾ നല്ല തടിയനും ഗൗരവക്കാരനുമായ ദിലീഷ് പോത്തനെ താരതമ്യേന ചെറുതായ തങ്ങൾ ‘ ടുട്ടുമോൻ’ എന്നാണു വിളിച്ചിരുന്നതെന്നു സുരഭി ഓർമിപ്പിച്ചു.

ഇപ്പോഴും അങ്ങനെ തന്നെയാണു വിളി.സിനിമ, നാടകം, ചിത്രകല, ശിൽപകല, ഡാൻസ് വിഭാഗങ്ങളിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പേരു ചർച്ചകളിൽ ഒഴിവാക്കുവാൻ കഴിയാതെയായിരിക്കുകയാണെന്നു സ്വീകരണയോഗത്തിൽ വൈസ് ചാൻസലർ എം.സി.ദിലീപ് കുമാർ പറഞ്ഞു. സുരഭി ലഷ്മിക്കും ദിലീഷ് പോത്തനും ഫലകവും സർവകലാശാല അധ്യാപകൻ ജോൺസൻ വേലൂർ വരച്ച ചിത്രവും വൈസ് ചാൻസലർ സമ്മാനിച്ചു.

താൻ നേടിയതു മുഴുവൻ സംസ്കൃത സർവകലാശാലയിൽ നിന്നാണെന്നു സുരഭി മറുപടി പറഞ്ഞു. മുഖത്തു നിന്നു ചിരി മാഞ്ഞു പോയ കാലഘട്ടത്തിലാണു താൻ സംസ്കൃത സർവകലാശാലയിൽ ചേർന്നതെന്നും നിറഞ്ഞ ചിരിയോടെയാണു പഠിച്ചിറങ്ങിയതെന്നും ദിലീഷ് പോത്തന്റെ മറുപടി.

മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് നേടിയ ശ്യാം പുഷ്കരൻ, സുരഭി അഭിനയിച്ച മുംബൈ ടൈലേഴ്സ് നാടകത്തിന്റെ സംവിധായകനും സർവകലാശാലയിലെ പൂർവ വിദ്യാർഥിയുമായ കെ.കെ. വിനോദ്കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

പ്രൊ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗം ഡോ. കെ.ആർ. സജിത, റജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ, അധ്യാപകരായ ഡോ. കെ.കെ. കൃഷ്ണകുമാർ, പ്രഫ. ജി. കുമാര വർമ, രമേശ് വർമ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ രാഹുൽ ശിവൻ, സമന്വയ ചെയർമാൻ സി.സി. ജോർജ്, സംസ്കൃത ചെയർമാൻ എം. മഹേഷ്, തിയറ്റർ വിദ്യാർഥിനി ആതിര ദിലീപ് എന്നിവർ പ്രസംഗിച്ചു.

കൂടുതൽ വാർത്തകൾ വായിക്കാൻ